
|
|
ആറ്റിങ്ങൽ: ചിറയിൻകീഴ് - വർക്കല താലൂക്കുകളിലെ വിവിധ പ്രദേശങ്ങളിൽ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. കൊവിഡ് കാലത്തുമാത്രം പലയിടങ്ങളിൽ നിന്നായി 70 കോടിയിലധികം തുക വിലവരുന്ന കഞ്ചാവാണ് എക്സൈസ് സ്ക്വാഡും പൊലീസും പിടികൂടിയത്. കേരളത്തിലെ ഏറ്റവും വലിയ കഞ്ചാവ് കടത്ത് പിടികൂടിയതും ആറ്റിങ്ങൽ മേഖലയിൽ നിന്നാണെന്നതാണ് ആശങ്ക ഉണർത്തുന്നത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് ഇവ കടത്തുന്നതിൽ മുൻപന്തിയിലുള്ളത്. വർഷങ്ങൾക്കു മുൻപ് ആറ്റിങ്ങൽ കോടതി പരിസരത്തുനിന്ന് മൂന്നരക്കിലോ കഞ്ചാവുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത് ഏറെ വിവാദമായിരുന്നു. വിചാരണത്തടവുകാർക്ക് വില്ക്കുന്നതിനായെത്തിച്ചതാണെന്നാണ് അന്ന് കണ്ടെത്തിയത്. ശരീരഭാഗങ്ങളിലൊളിപ്പിച്ച് ജയിലിനുള്ളിലെത്തിക്കാനുള്ള വിധത്തിൽ തയ്യാറാക്കിയ നിലയിലായിരുന്നു ഇവയിലധികവും. പിന്നീടങ്ങോട്ട് നിരവധി ഇടങ്ങളിൽ നിന്നും കഞ്ചാവു കടത്ത് പിടികൂടുകയായിരുന്നു. ഇതിനിടയിൽ ചില്ലറ വില്പന നടത്തുന്ന ഒരാളെ പിടികൂടിയപ്പോഴാണ് ഞെട്ടിക്കുന്ന സത്യം പുറത്തു വന്നത്. യുവാക്കളും വിദ്യാർത്ഥികളുമാണത്രേ ഇയാളുടെ കസ്റ്റമേഴ്സ്. ആ വഴിക്ക് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരു ഒൻപതാം ക്ലാസുകാരനെ കഞ്ചാവു പൊതികളുമായി പിടികൂടി. ചോദ്യം ചെയ്തെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ വിട്ടയയ്ക്കുകയായിരുന്നു. ബൈക്കുപയോഗിക്കുന്ന വിദ്യാർത്ഥികളെയാണത്രേ മാഫിയക്കച്ചവടത്തിനായി ഉപയോഗിക്കുന്നത്. ബാഗുകളിൽ ഒളിപ്പിച്ച് കഞ്ചാവ് ചെറുകിട വ്യാപാരികളുടെ അടുത്തെത്തിക്കുമ്പോൾ ഇവർക്ക് ഉപയോഗിക്കാനുള്ള കഞ്ചാവും ആവശ്യത്തിലധികം പണവും ലഭിക്കും. |