
തിരുവനന്തപുരം: മലയാള സിനിമ നവനിര പിടിച്ചെടുക്കുന്നതാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ കാണുന്നത്. മത്സരിച്ച 119 സിനിമകളിൽ 71 എണ്ണം നവാഗതരുടേതാണ്. പുരസ്കാരങ്ങളിൽ 75 ശതമാനവും പുതുനിരക്കാരുടെ സിനിമകൾ നേടി. സംവിധായകൻ, നടൻ, നടി, മികച്ച സിനിമ എന്നിവയെക്കാൾ അവാർഡ് നിർണയിക്കാൻ ഇത്തവണ ജൂറി ബുദ്ധിമുട്ടിയത് മികച്ച നവാഗത സംവിധായകനെ കണ്ടെത്താനായിരുന്നു.
മികച്ച നടനുള്ള മത്സരത്തിൽ അവസാന റൗണ്ടിൽ സുരാജ് വെഞ്ഞാറമൂടിനൊപ്പം ഉണ്ടായിരുന്നത് ഫഹദ് ഫാസിൽ (കുമ്പളങ്ങി നൈറ്റ്സ്), നിവിൻ പോളി (മൂത്തോൻ), ആസിഫ് അലി (കെട്ട്യേളാണ് മലാഖ) എന്നിവരാണ്. സുരാജ് വെഞ്ഞാറമൂടിന്റെയും ഫഹദ് ഫാസിലിന്റെയും അഭിനയ സവിശേഷതകൾ ജൂറി ഏറെ സമയമെടുത്ത് ചർച്ചചെയ്ത ശേഷമാണ് മികച്ച നടനുള്ള പുരസ്കാരം സുരാജിന് നൽകാൻ തീരുമാനിച്ചത്. രണ്ടാമത്തെ നടനുള്ള (സ്വഭാവനടൻ) പുരസ്കാരം ഫഹദിന് നൽകുന്നതിനും ജൂറിയിൽ വിയോജിപ്പുണ്ടായിരുന്നു. ആസിഫ് അലിയുടെ പേരാണ് ഈ അവാർഡിനായി രണ്ട് അംഗങ്ങൾ നിർദ്ദേശിച്ചത്.
വിയോജിപ്പുകൾ അധികമില്ലാതെയാണ് കനി കുസൃതിയെ തിരഞ്ഞെടുത്തത്. പിന്നാക്ക മുസ്ലിം സ്ത്രീയുടെ ജീവിതത്തിന്റെ വിവിധവശങ്ങൾ പറയുന്ന സിനിമയിൽ കനിയുടെ ഗംഭീര പ്രകടനമെന്നാണ് ജൂറി വിലയിരുത്തിയത്. മികച്ച ചിത്രമായ 'വാസന്തി'യിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സ്വാസിക, റൺകല്യാണിയിലെ ഗാർഗി അനന്തൻ എന്നിവരാണ് അവസാന റൗണ്ടിൽ പരിഗണിക്കപ്പെട്ടത്. അതിൽ സ്വാസിക മികച്ച സ്വഭാവനടിക്കുള്ള പുരസ്കാരം നേടി.
മികച്ച സിനിമയ്ക്കുള്ള പുരസ്കാരത്തിന് അവസാന റൗണ്ടിൽ 'വാസന്തി'ക്കൊപ്പം മനോജ് കാന സംവിധാനം ചെയ്ത 'കെഞ്ചിര', ഷെറി സംവിധാനം ചെയ്ത 'കഖഗഘങ', ഗീത ജെ.ഇയൻ സംവിധാനം ചെയ്ത 'റൺ കല്യാണി, വിനു കോളിച്ചാൽ സംവിധാനം ചെയ്ത 'ബിലാത്തിക്കുഴൽ' എന്നീ ചിത്രങ്ങൾ ഉണ്ടായിരുന്നു. ജീവിതവും നാടകവും തമ്മിലുള്ള ബന്ധത്തെ വ്യത്യസ്തമായി അവതരിപ്പിച്ച വാസന്തി മികച്ച സിനിമയായപ്പോൾ ആദിവാസികളുടെ ജീവിതം പറയുന്ന കെഞ്ചിര രണ്ടാമത്തെ ചിത്രമായി.
മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോജോസ് പല്ലിശ്ശേരിക്ക് നൽകുന്നതിൽ അഭിപ്രായ വ്യത്യാസമില്ലായിരുന്നു. ഏറെ വാദപ്രതിവാദത്തിനൊടുവിലാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമ ഒരുക്കിയ രതീഷ് ബാലകൃഷ്ണപൊതുവാൾ മികച്ച നവാഗത സംവിധായകനായത്. അനുരാജ് മനോഹർ സംവിധാനം ചെയ്ത ഇഷ്ക്, മധു സി.നാരായണന്റെ കുമ്പളങ്ങി നൈറ്റ്സ്, മനു അശോകന്റെ ഉയരെ, മാത്തുക്കുട്ടി സേവ്യറുടെ ഹെലൻ എന്നീ ചിത്രങ്ങളായിരുന്നു നവാഗത സംവിധായകനുള്ള പുരസ്കാരത്തിനായി അവസാന റൗണ്ടിലെത്തിയത്.