നെടുമങ്ങാട്: ചുവപ്പുനാടയുടെ കുരുക്കഴിഞ്ഞതോടെ നിർദ്ധന കുടുംബത്തിന് എട്ട് വർഷത്തിന് ശേഷം നീതിലഭിച്ചു. മണ്ണും വീടും പദ്ധതി ഗുണഭോക്താവിനു സ്ഥലം വിലയാധാരം നല്കിയ നെടുമങ്ങാട് നഗരസഭയിലെ പൂവത്തൂർ നീതി കുന്നത്ത് ഉഷാമന്ദിരത്തിൽ ഉഷയ്ക്കും ഭർത്താവ് രാജനുമാണ് ഭൂമി വില അനുവദിച്ച് കിട്ടിയത്. നഗരസഭയിൽ വീടും സ്ഥലവും ഇല്ലാത്തവർക്ക് 2011-2012 സാമ്പത്തിക വർഷത്തിൽ ഇ.എം.എസ് പദ്ധതി പ്രകാരം വീട് നിർമ്മിക്കുന്നതിന് സ്ഥലം വിലയാധാരം നല്കിയതാണ് ഉഷയും രാജനും ചെയ്ത അപരാധം. ഭൂമിവിലയായ 1.75 ലക്ഷം രൂപ പ്രമാണം ചെയ്തു കഴിഞ്ഞാൽ ഉടൻ അക്കൗണ്ടിൽ നല്കുമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം. ഇത് വിശ്വസിച്ച് ആകെയുള്ള സമ്പാദ്യമായ ആറ് സെന്റിൽ പകുതി സ്ഥലം പദ്ധതി ഗുണഭോക്താവായ വേട്ടുക്കോണം പുതുവൽ പുത്തൻ വീട്ടിൽ നളിനമ്മയുടെ പേരിൽ രജിസ്റ്റർ ചെയ്തു.
നഗരസഭാ തീരുമാനം അനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കിയിരുന്നു. നളിനമ്മ കരം ഒടുക്കി വസ്തുവിന്റെ പോക്കുവരവ് നടപടികൾ പൂർത്തിയാക്കിയിട്ടും ഉഷാകുമാരിക്ക് വസ്തുവില ലഭിച്ചില്ല. പരാതിയുമായി സമീപിച്ചപ്പോഴാണ് 'സർക്കാർ കാര്യം മുറപോലെയെന്ന' പതിവ് രീതിയായത്. 2012 മാർച്ച് 31 ന് മണ്ണും വീടും പദ്ധതി കാലാവധി അവസാനിച്ചുവെന്നും ഗുണഭോക്താവ് എഗ്രിമെന്റ് സമർപ്പിച്ചത് ജൂലായിൽ ആയതിനാൽ തുക അനുവദിക്കാൻ കഴിയില്ലെന്നുമായിരുന്നു വിശദീകരണം. മകളുടെ വിവാഹ ആവശ്യത്തിന് വേണ്ടി വസ്തുവിറ്റ കുടുംബം പറഞ്ഞുറപ്പിച്ച തുക ലഭിക്കാതെ വിഷമത്തിലായി. കല്യാണം മുടങ്ങാതിരിക്കാൻ ഉഷയുടെ സഹോദരന്റെ കിടപ്പാടം ബാങ്കിൽ ഈട് നല്കി വായ്പ എടുക്കുകയായിരുന്നു. വീടുകളിൽ അടുക്കളപ്പണി ചെയ്തു കുടുംബം പോറ്റുന്നയാളാണ് ഉഷ. ഭർത്താവ് കൂലിപ്പണിക്കിടെ ഏണിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലാണ്.
തുണയായി ചെയർമാന്റെ ഇടപെടൽ
മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിലും പട്ടികജാതി ക്ഷേമ ഡയറക്ടർക്കും ഹർജികൾ നൽകിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. മുനിസിപ്പാലിറ്റിയുടെയും സർക്കാർ ഓഫീസുകളുടെയും വാതിലുകൾ കയറിയിറങ്ങി തളർന്ന നിർദ്ധന കുടുംബത്തിന്റെ ദുരവസ്ഥയെക്കുറിച്ച് നേരത്തെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവ വിഷയത്തിൽ ഇടപെടുകയായിരുന്നു. 2019 ജൂലായിൽ വിഷയം നഗരസഭാ കൗൺസിൽ ചർച്ച ചെയ്ത് തനത് ഫണ്ടിൽ നിന്ന് വസ്തുവില നല്കാൻ തീരുമാനിച്ചു. പക്ഷെ പണം വക മാറ്റാൻ സർക്കാർ അനുമതി വേണമെന്നതിനാൽ കുടുംബത്തിന് നീതി ലഭിക്കാൻ പിന്നെയും വൈകി. സെപ്തം. 24ന് തനത് ഫണ്ടിൽ നിന്ന് പണം അനുവദിക്കാൻ ധനകാര്യ ജോയിന്റ് സെക്രട്ടറി ഉത്തരവായി. ഇതോടെ കഴിഞ്ഞ ദിവസം നഗരസഭാ ചെയർമാൻ ഉഷാകുമാരിയെ ചേംബറിൽ വിളിച്ചു വരുത്തി ചെക്ക് കൈമാറി.