state-awards

# മികച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശേരി

# സ്വഭാവ നടൻ ഫഹദ് ഫാസിൽ, സ്വഭാവ നടി സ്വാസിക

# ഗായകൻ നജീം അർഷാദ്, ഗായിക മധുശ്രീ നാരായൺ

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ മികച്ച മലയാള സിനിമയ്ക്കുള്ള സംസ്ഥാന അവാർഡിന് റഹ്‌മാൻ സഹോദരൻമാർ (ഷിനോസ് റഹ്‌മാൻ, സജാസ് റഹ്‌മാൻ) സംവിധാനം ചെയ്ത 'വാസന്തി ' അർഹമായി. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ സുരാജ് വെഞ്ഞാറമൂട് മികച്ച നടനായി. 'ബിരിയാണി'യിലെ നായിക കനി കുസൃതിയാണ് മികച്ച നടി. ജല്ലിക്കട്ട് ഒരുക്കിയ ലിജോ ജോസ് പെല്ലിശേരിയാണ് മികച്ച സംവിധായകൻ. മികച്ച സ്വഭാവ നടനായി ഫഹദ് ഫാസിലിനെയും (കുമ്പളങ്ങി നൈറ്റ്സ്) നടിയായി സ്വാസികയെയും (വാസന്തി) തിരഞ്ഞെടുത്തു.

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ സംവിധാനം ചെയ്ത രതീഷ് പൊതുവാൾ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം നേടി.

മന്ത്രി എ.കെ. ബാലനാണ് അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്.

കലാമൂല്യമുള്ള ജനപ്രിയ ചിത്രം മധു സി. നാരായണിന്റെ കുമ്പളങ്ങി നൈറ്റ്സാണ്. നിവിൻ പോളി (മൂത്തോൻ), അന്ന ബെൻ (ഹെലൻ), പ്രിയംവദ കൃഷ്ണൻ (തൊട്ടപ്പൻ) എന്നിവർ ജൂറിയുടെ പ്രത്യേക പരാമർശം നേടി.

സുഷിൻ ശ്യാമാണ് (കുമ്പളങ്ങി നൈറ്റ്സ്) മികച്ച സംഗീത സംവിധായകൻ. മികച്ച ഗായകൻ നജീം അർഷാദ് (ഗാനം: കെട്ട്യോളാണെന്റെ മാലാഖയിലെ ആത്മാവിലെ വാനങ്ങളിൽ) ഗായിക മധുശ്രീ നാരായൺ (ഗാനം: കോളാമ്പിയിലെ പറയാതരികെ വന്ന പ്രണയമേ) തിരഞ്ഞെടുത്തു. സുജേഷ് ഹരിയാണ് മികച്ച ഗാനരചയിതാവ് (സത്യം പറഞ്ഞാ വിശ്വസിക്കുവോയിലെ പുലരിപ്പൂപോലെ ചിരിച്ചും..).

മധു അമ്പാട്ട് അദ്ധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരങ്ങൾ നിർണയിച്ചത്.

119 സിനിമകൾ പരിഗണിച്ചു. അഞ്ചെണ്ണം കുട്ടികളുടെ സിനിമയായിരുന്നു. 50 ശതമാനത്തിലധികം എൻട്രികൾ നവാഗത സംവിധായകരുടേതായിരുന്നു എന്നത് മലയാള സിനിമയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നതായി മന്ത്രി എ.കെ. ബാലൻ പറഞ്ഞു. നവാഗത സംവിധായകരുടെ 71 സിനിമകളുണ്ടായിരുന്നു.

മറ്റ് അവാർഡ് ജേതാക്കൾ: പേജ്...