
തിരുവനന്തപുരം:കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ ഉടൻ തുറക്കേണ്ടെന്ന് തീരുമാനം. ഒക്ടോബർ 15 മുതൽ തിയേറ്ററുകൾ നിയന്ത്രണങ്ങളോടെ തുറക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരള ചലച്ചിത്ര വികസന കോർപറേഷൻ സിനിമാമേഖലയിലെ സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.തിയേറ്ററുകൾ തുറക്കാനുള്ള അന്തരീക്ഷമില്ലെന്ന് യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. തുറന്നാലും സിനിമ കാണാൻ ആരും വരില്ല. അത് വലിയ നഷ്ടമുണ്ടാക്കും.ഓരോ ഷോ കഴിയുമ്പോഴും തിയേറ്റർ അണുവിമുക്തമാക്കുന്നതടക്കം ചെലവേറിയ രീതിയിലേ പ്രദർശനം നടത്താനാവൂ. ജീവനക്കാർക്ക് രോഗം ബാധിച്ചാൽ അത് മറ്റൊരു ഭീഷണിയാകും. ഈ സാഹചര്യത്തിൽ തിയേറ്ററുകൾ ഉടൻ തുറക്കേണ്ടെന്നും ഒരു മാസം കഴിഞ്ഞ് പുനരാലോചിക്കാമെന്നും യോഗം വിലയിരുത്തി