ആറ്റിങ്ങൽ: ആറ്റിങ്ങലിലെ മൃഗാശുപത്രി 16 മുതൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വെറ്റനറി പോളിക്ലിനിക്കായി മറ്റുമെന്ന് അഡ്വ. ബി. സത്യൻ എം.എൽ.എ പറഞ്ഞു. നിരവധി തവണ മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജുവിനെ നിലവിലെ അവസ്ഥ ബോദ്ധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം നേരിട്ട് എത്തി ആശുപത്രി സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. ഇപ്പോൾ സംസ്ഥാനത്ത് 32ആശുപത്രികൾ 24 മണിക്കൂറാക്കി മാറ്റുന്ന കൂട്ടത്തിൽ ആറ്റിങ്ങലും ഉൾപ്പെടുത്തിയത് നാട്ടുകാർക്ക് ഏറെ പ്രയോജനപ്പെടുമെന്നും എം.എൽ.എ പറഞ്ഞു.
1918ൽ തിരുവിതാംകൂർ രാജാവാണ് ആദ്യമായി മൃഗാശുപത്രി ആരംഭിച്ചത്. 1958 മുതൽ ആറ്റിങ്ങളിൽ പ്രവർത്തനം തുടങ്ങി. 1961 ൽ 45 സെന്റ് സ്ഥലം അനുവദിച്ചു കിട്ടി, 1984ൽ വെറ്റിനറി ആശുപത്രിയായി ഉയർത്തി. ഇന്ന് ജില്ലയിൽ എറ്റവും തിരക്കെറിയ ആശുപത്രിയാണ് ആറ്റിങ്ങലിലേത്. ദിനവും 80 ലധികം കേസുകൾ ഇവിടെ കൈകാര്യം ചെയ്യുന്നുണ്ട്. ആറ്റിങ്ങൽ നഗരസഭയും സായിഗ്രാമവും സംയുക്തമായി നടത്തിയ നായ വന്ധ്യം കരണം ഈ ആശുപത്രി വഴിയാണ് നടത്തിയത്. ഇത് സംസ്ഥാന തലത്തിൽ ശ്രദ്ധ നേടിയിരുന്നു.