politicaloct14

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് ഭവനപദ്ധതി വിവാദത്തിൽ സർക്കാരിനെതിരായ സി.ബി.ഐ അന്വേഷണം ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തത് ,ഇടതുമുന്നണിക്കും സർക്കാരിനും താൽക്കാലികാശ്വാസം പകരുന്നതായിവിദേശനാണയ വിനിമയചട്ട ലംഘനം സി.ബി.ഐക്ക് തെളിയിക്കാനായില്ലെന്ന കോടതി നിരീക്ഷണം സർക്കാരും സി.പി.എമ്മും ഇതുവരെയുയർത്തിയ വാദമുഖങ്ങളെ ശരിവയ്ക്കുന്നതാണെന്നാണ് വാദം. സി.ബി.ഐയെ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന ആരോപണം ശക്തിപ്പെടുത്തുന്നതുമാണ് . എന്നാൽ, സി.ബി.ഐയുടെ എഫ്.ഐ.ആർ കോടതി റദ്ദാക്കാതിരുന്നത് സർക്കാരിനേറ്റ തിരിച്ചടിയാണെന്ന് കാട്ടി രാഷ്ട്രീയനീക്കം കടുപ്പിക്കാനാണ് പ്രതിപക്ഷ ശ്രമം.രണ്ടേകാൽ ലക്ഷത്തോളം ഭവനരഹിതർക്ക് വീട് നിർമ്മിച്ചുനൽകിയ ലൈഫ് പദ്ധതിയെ വിവാദത്തിൽപ്പെടുത്തുന്നത് സർക്കാരിനെ അസ്വസ്ഥമാക്കിയിരുന്നു. സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ലൈഫിനെ മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാക്കാൻ തയാറെടുക്കുകയാണ് ഇടതുമുന്നണി. ഈ ഘട്ടത്തിൽ പദ്ധതിയെ നിയമക്കുരുക്കിലേക്ക് തള്ളിവിട്ടാലത് തിരിച്ചടിയായേനെ. ഇനി രണ്ട് മാസത്തിന് ശേഷം കോടതി ഇതിലെന്ത് പറയുന്നുവെന്നത് നിർണായകമാണ്. അതിന് മുമ്പ് പദ്ധതിയെ പരമാവധി പുരോഗതിയിലേക്കെത്തിക്കാനുള്ള ഊർജ്ജിത ശ്രമമാകും സർക്കാർ നടത്തുക. രണ്ട് മാസത്തിന് ശേഷമുള്ള വിശദ വാദം കേൾക്കലിൽ, കേസ് കോടതി തള്ളുമെന്ന കണക്കുകൂട്ടൽ ഇടതു കേന്ദ്രങ്ങളിലുണ്ട്.യു.ഡി.എഫും ബി.ജെ.പിയും ഉയർത്തിവിട്ട ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് സമർത്ഥിക്കാൻ ഇടക്കാലവിധിയെ സി.പി.എം ആശ്രയിക്കും. യു.ഡി.എഫ്- ബി.ജെ.പി ബാന്ധവം തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുമ്പായി ശക്തിപ്പെടുത്തുന്നുവെന്ന ആക്ഷേപവും കടുപ്പിക്കും.

പാവപ്പെട്ടവർക്കുള്ള ഭവനനിർമ്മാണപദ്ധതിയെ രാഷ്ട്രീയമായി തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് മുഖ്യമന്ത്രി അടക്കമുള്ളവർ പറഞ്ഞുകൊണ്ടിരിക്കുന്നത്. വടക്കാഞ്ചേരിയിലെ പദ്ധതിക്കാര്യത്തിൽ യുണിടാകും യു.എ.ഇ കോൺസുലേറ്റും തമ്മിലുണ്ടാക്കിയ കരാറിൽ സർക്കാരിനൊന്നും ചെയ്യാനില്ല. കമ്മിഷൻ ആരോപണമുയർന്നപ്പോൾ വിജിലൻസ് അന്വേഷണത്തിനും സർക്കാർ തയാറായി. ഇതൊന്നും കണക്കിലെടുക്കാതെ സർക്കാരിനെ ഇരുട്ടിൽനിറുത്തി, എം.എൽ.എയുടെ പരാതിയിൽ കേസന്വേഷണത്തിന് സി.ബി.ഐ തീരുമാനിച്ചത് രാഷ്ട്രീയപ്രേരിതമാണെന്നാണ് സി.പി.എം വാദം.സർക്കാരിന് ആശ്വസിക്കാൻ വകയില്ലെന്ന് വാദിക്കുന്ന പ്രതിപക്ഷം, സി.ബി.ഐ അന്വേഷണം തടയാത്തതും എഫ്.ഐ.ആർ റദ്ദാക്കാത്തതുമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. രണ്ട് മാസത്തിനിടയിൽ സി.ബി.ഐ കൂടുതൽ വസ്തുതകൾ കണ്ടെത്തി കോടതിയെ ബോദ്ധ്യപ്പെടുത്തുമെന്നും സർക്കാരിലേക്ക് അന്വേഷണമെത്തിച്ചേരുമെന്നും യു.ഡി.എഫും ബി.ജെ.പിയും പ്രതീക്ഷിക്കുന്നു. .