
തിരുവനന്തപുരം: ലൈഫ് മിഷനെതിരെ കേസെടുത്ത സി.ബി.ഐ നടപടി, രാഷ്ട്രീയ താല്പര്യങ്ങൾക്കായി അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കലാണെന്ന പാർട്ടി നിലപാട് സാധൂകരിക്കുന്നതാണ് ഹൈക്കോടതി വിധിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.ലൈഫ് മിഷൻ വിദേശ ഫണ്ട് സ്വീകരിച്ചിട്ടില്ലെന്ന് ആധികാരികമായി ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിദേശ ഫണ്ട് സ്വീകരിക്കുന്നതിൽ നിന്ന് നിയമപ്രകാരം വിലക്കപ്പെട്ട വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും പട്ടികയിൽ ഉൾപ്പെടുന്നതല്ല ലൈഫ് മിഷനെന്നും പറഞ്ഞിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ച്, എഫ്.സി.ആർ.എ നിയമ പ്രകാരം ലൈഫ് മിഷനെതിരെ കേസെടുക്കാനാകില്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നുണ പ്രചാരവേലക്കാർക്കേറ്റ തിരിച്ചടിയാണ്.നിയമപ്രശ്നങ്ങൾ ഉയർത്താനാകാതെ സി.ബി.ഐ കോടതിയിൽ ഉന്നയിച്ച വാദങ്ങൾ ഈ നടപടിക്ക് പിന്നിൽ രാഷ്ട്രീയം മാത്രമാണെന്ന് വ്യക്തമാക്കുന്നു. യു.ഡി.എഫ് നേതാക്കൾ ഉൾപ്പെട്ട മുന്നൂറോളം കോടി രൂപയുടെ ടൈറ്റാനിയം അഴിമതിക്കേസിൽ ഉൾപ്പെടെ അന്വേഷണമാരംഭിക്കാത്ത സി.ബി.ഐയാണ് രാഷ്ട്രീയലക്ഷ്യങ്ങൾക്കായി കോൺഗ്രസ് എം.എൽ.എയുടെ പരാതി കിട്ടിയ ഉടൻ കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചത്. കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തുന്നതിനെതിരെ ശക്തമായ ജനവികാരം ഉയരേണ്ടതുണ്ടെന്ന് സെക്രട്ടറിയേറ്റ് പറഞ്ഞു.