
തിരുവനന്തപുരം: ദേശീയപാത വികസനത്തിൽ കേരള സർക്കാരിന്റെ പ്രകടനം കഴിഞ്ഞ സർക്കാരിനേക്കാൾ മികച്ചതാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
ഏഴു ദേശീയപാത പദ്ധതികളുടെ നിർമാണോദ്ഘാടനവും കഴക്കൂട്ടം -മുക്കോല പാതയുടെ ഉദ്ഘാടനവും ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയന്റെ മികച്ച സഹകരണം മൂലമാണ് ദേശീയപാത ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനായത്. കേരളത്തിൽ ഭൂമിയേറ്റെടുക്കലിന് വേണ്ടിവരുന്ന തുക വളരെ കൂടുതലാണ്. പദ്ധതി തുകയുടെ സിംഹഭാഗവും ഇതിനായി വേണ്ടിവരുന്നു.
സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് ചെയ്തും സ്റ്റീൽ, സിമന്റ് തുടങ്ങിയവയ്ക്ക് ജി.എസ്.ടി ഇളവ് നൽകിയും നിർമാണചെലവ് കുറയ്ക്കാൻ സംസ്ഥാന സർക്കാർ സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഈ സാമ്പത്തികവർഷം 965 കോടി രൂപയ്ക്ക് 210 കിലോമീറ്റർ ദേശീയപാത പൂർത്തീകരിക്കാനാവുമെന്ന് കേന്ദ്രമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷത വഹിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര റോഡ് ഗതാഗത ഹൈവേ സഹമന്ത്രി ജനറൽ വി.കെ. സിംഗ്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, മന്ത്രി ജി. സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു.
ദേശീയപാത 66 ന്റെ ഭാഗമായ പൂർത്തീകരിച്ച കഴക്കൂട്ടം- മുക്കോല (1121 കോടി, 27 കി.മീ) റോഡ് നാടിന് സമർപ്പിച്ചു.
കാസർകോട് ജില്ലയിലെ തലപ്പാടി-ചെങ്ങള (1981 കോടി, 39 കി.മീ), ചെങ്ങള- നീലേശ്വരം (1746 കോടി, 37 കി.മീ), പെരോൾ-തളിപ്പറമ്പ് (3042 കോടി, 40 കി.മീ), തളിപ്പറമ്പ് -മുഴപ്പിലങ്ങാട് (2715 കോടി, 30 കി.മീ), കോഴിക്കോട് -പാലൊളി, മൂരാട് പാലങ്ങൾ (210 കോടി, 2 കി.മീ), ആറുവരിയായി പുനർനിർമ്മിക്കൽ, വടകര-അഴിയൂർ-വെങ്ങളം, കോഴിക്കോട് ബൈപാസ് (1853 കോടി, 28 കി.മീ) എന്നീ റീച്ചുകളുടെയും ചെറുതോണി പാലത്തിന്റെയും (24 കോടി, 0.3 കി.മീ) നിർമ്മാണോദ്ഘാടനവും കേന്ദ്രമന്ത്രി നടത്തി.
കേരളം പി.പി.പി മോഡൽ
പരീക്ഷിക്കണം: ഗഡ്കരി
ന്യൂഡൽഹി: കേരളത്തിൽ റോഡ് വികസനത്തിൽ പൊതുസ്വകാര്യ പങ്കാളിത്ത മാതൃക പരീക്ഷിക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. വിശദമായ ചർച്ചകൾക്കായി മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം ഡൽഹിയിലേക്ക് ക്ഷണിച്ചു.
റോഡ് നിർമ്മാണത്തിലെ ചെലവ് ഗണ്യമായി കുറയ്ക്കാൻ പി.പി.പി മാതൃക ഉപകരിക്കും. ഇത് അടിസ്ഥാനസൗകര്യ വികസനത്തിൽ കൂടുതൽ മൂലധനം ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
35000 കിലോമീറ്റർ ദൂരത്തിൽ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അടിസ്ഥാനസൗകര്യ വികസന പദ്ധതിയായ ഭാരത് മാല പദ്ധതിയിലെ 1234 കിലോമീറ്റർ ദൂരമാണ് കേരളത്തിൽ നടപ്പാക്കുന്നത്. മുംബയ്- കന്യാകുമാരി സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി 650 കിലോമീറ്റർ ദൂരത്തിൽ 50,000 കോടി രൂപ ചെലവിൽ 23 പദ്ധതികൾ കേരളത്തിൽ യാഥാർഥ്യമാക്കും.
ഭൂമി ഏറ്റെടുക്കലിന് കൂടുതൽ പണം
നൽകിയത്കേരളം: മുഖ്യമന്ത്രി
ഗഡ്ഗരി കേന്ദ്രത്തിൽ തുണയായി
തിരുവനന്തപുരം: ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കലിന് വേണ്ടിവരുന്ന തുകയുടെ 25 ശതമാനം നൽകാമെന്ന് സമ്മതിച്ച ഏക സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏഴു പദ്ധതികളുടെ നിർമാണോദ്ഘാടനത്തിന്റെയും കഴക്കൂട്ടം-മുക്കോല പാതയുടെ ഉദ്ഘാടനത്തിന്റെയുംചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
452 കോടി രൂപ സംസ്ഥാനം കൈമാറിയിട്ടുണ്ട്. 17പാക്കേജുകളായാണ് കേരളത്തിൽ ദേശീയപാത വികസനം നടക്കുന്നത്. ശേഷിക്കുന്ന ഒൻപതു പാക്കേജുകൾക്കുള്ള അനുമതി ഈ സാമ്പത്തികവർഷം തന്നെ നൽകണമെന്ന് മുഖ്യമന്ത്രി കേന്ദ്രമന്ത്രിയോട് അഭ്യർത്ഥിച്ചു. 12 റോഡ് സ്ട്രെച്ചുകൾക്കായി കേന്ദ്രത്തിന് സമർപ്പിച്ച പ്രോജക്ട് റിപ്പോർട്ടിന് അനുമതി നൽകണമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റെടുക്കാൻ കഴിയില്ല എന്നുകരുതിയ ഭൂമി നാട്ടുകാരുടെയെല്ലാം സഹകരണത്തോടെ ഏറ്റെടുത്തു. ഉദ്യോഗസ്ഥതലത്തിലും ഭരണതലത്തിലും ഓരോഘട്ടത്തിലും നടത്തിയ സൂക്ഷ്മമായ ഇടപെടലാണ് ഇത്രവേഗം പദ്ധതി യാഥാർത്ഥ്യമാക്കാൻ സഹായിച്ചത്. നിതിൻ ഗഡ്ഗരിയെപ്പോലെ ഒരു മന്ത്രി കേന്ദ്രത്തിൽ ഉണ്ടായിരുന്നതും തടസങ്ങൾ പരിഹരിക്കാൻ സഹായകമായെന്ന് മുഖ്യമന്ത്രി പറഞ്ഞു.