
തിരുവനന്തപുരം: ''ഞാൻ ശരിക്കും ആഹ്ലാദത്തിലാണ്. കോളാമ്പിയിലെ ഈ ഗാനം വഴിതെറ്റി എന്നിലേക്ക് എത്തിയതാണ്. ഇത് ശ്രേയ ഘോഷാലിനുവേണ്ടി മാറ്റിവച്ചിരുന്ന പാട്ടായിരുന്നു. ശ്രേയാജിക്ക് എന്തോ അസൗകര്യം ഉണ്ടായതോടെയാണ് ഗാനം എന്നിലേക്ക് എത്തിയത്. സംവിധായകൻ രാജീവ് അങ്കിളാണ് പാടാൻ പറഞ്ഞത്. അദ്ദേഹം കാരണമാണ് ഈ അവാർഡ് എനിക്ക് കിട്ടിയത്. അച്ഛന്റെ സമ്മാനം ഒരു ആശ്ലേഷമായിരുന്നു.'- മികച്ച ഗായികയ്ക്കുള്ള അവാർഡ് നേടിയ മധുശ്രീനാരയണൻ പറഞ്ഞു. അച്ഛൻ രമേശ് നാരായണൻ സംഗീതം പകർന്ന കോളാമ്പി എന്ന ചിത്രത്തിലെ 'പറയാതരികെ വന്ന പ്രണയമേ' എന്ന മനോഹര ഗാനമാണ് മധുശ്രീയെ വീണ്ടും പുരസ്‌കാര നെറുകെയിലെത്തിച്ചത്. 2016ൽ അച്ഛനും മകളും ഒരു പാട്ടിനായി ഒന്നിച്ചപ്പോഴായിരുന്നു മികച്ച ഗായികയ്ക്കും സംഗീതസംവിധായകനുമുള്ള പുരസ്‌കാരങ്ങൾ പൂജപ്പുര കുഞ്ചാലുംമൂട്ടിലെ ജസ്‌രംഗിലെത്തിയത്.
'ഇന്നലെ രാവിലെ ടിവി കാണുമ്പോഴാണ് 'കോളാമ്പി' അവാർഡിന് പരിഗണിച്ചിട്ടുണ്ടെന്നറിഞ്ഞത്. അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കിട്ടിയപ്പോൾ ഭയങ്കര ത്രില്ല്. പെട്ടെന്ന് ഫോൺ കാളുകൾ വരാൻ തുടങ്ങി. ഗായിക സുജാത ആന്റി വിളിച്ചു, സിനിമാലോകത്തെ മിക്കവരും വിളിച്ച് അഭിനന്ദിച്ചു.' ഇടവപ്പാതി എന്ന ചിത്രത്തിലെ 'പശ്യതി ദിശി ദിശി...' എന്ന സംസ്‌കൃതഗാനമാലപിച്ചാണ് പ്ലസ്‌വൺ വിദ്യാർത്ഥിയായിരുന്ന മധുശ്രീ ആദ്യ സംസ്ഥാന പുരസ്കാരം നേടിയത്.