kpcc

തിരുവനന്തപുരം: വിജയസാദ്ധ്യതയും പൊതുസ്വീകാര്യതയുമാകണം തദ്ദേശതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിനിർണയത്തിനുള്ള മുഖ്യമാനദണ്ഡമെന്ന് കാട്ടി കെ.പി.സി.സി വിശദ സർക്കുലർ ഇന്നലെ പുറത്തിറക്കി. പാർട്ടിയോടുള്ള കൂറിനും സ്വഭാവശുദ്ധിക്കും പ്രാമുഖ്യം നൽകണമെന്നും നിർദ്ദേശമുണ്ട്. കഴിഞ്ഞ ദിവസം പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ നേതാക്കൾ കൂടിയാലോചിച്ച് ധാരണയിലെത്തിയ നിർദ്ദേശങ്ങളാണ് സർക്കുലറായി ഇറക്കിയത്. മാനദണ്ഡങ്ങൾ സംബന്ധിച്ച് ഇന്നലെ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. പൂർണമായി ജനഹിതം മാനിക്കുന്നവരാകണം സ്ഥാനാർത്ഥികളാകേണ്ടതെന്ന് നിഷ്കർഷിച്ചിട്ടുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്ന കെ.പി.സി.സി ജനറൽസെക്രട്ടറി എം. മുരളി അറിയിച്ചു.

 സ്ഥാനാർത്ഥി നിർണയം സുതാര്യമാകണം.

 യുവാക്കൾക്കും പുതുമുഖങ്ങൾക്കും കൂടുതൽ പ്രാമുഖ്യം വേണം.

 ജനറൽ സീറ്റുകളിൽ വനിതകൾ മത്സരിക്കുന്നത് ഒഴിവാകണം.

 അസാന്മാർഗികം, മദ്യം, മയക്കുമരുന്ന്, സാമ്പത്തികകുറ്റകൃത്യ കേസുകളിലെ പ്രതികൾ, അഴിമതിയാരോപണവിധേയർ എന്നിവർക്ക് സ്ഥാനാർത്ഥിത്വം നൽകിയാൽ ബന്ധപ്പെട്ട സബ്കമ്മിറ്റികൾക്കെതിരെ നടപടി.

 50ശതമാനം വനിതാസംവരണ സീറ്റുകളിലേക്ക് മഹിളാകോൺഗ്രസിലും പാർട്ടിയിലും സജീവമായ ജയസാദ്ധ്യതയുള്ളവർക്ക് മുൻഗണന.

 ഒരേ വാർഡിൽ ഭാര്യയും ഭർത്താവും മാറിമാറി മത്സരിക്കുന്നത് നിരുത്സാഹപ്പെടുത്തണം.

 2015-20ൽ പാർട്ടി നിർദ്ദേശം ലംഘിച്ചവരും വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതിന് നടപടിക്ക് വിധേയരായവരും റിബലായി മത്സരിച്ച് നടപടി നേരിട്ടവരും സ്ഥാനാർത്ഥികളാകരുത്.

 ജയസാദ്ധ്യത നോക്കി പാർട്ടിക്കൂറും പ്രതിബദ്ധതയുമുള്ള സ്വതന്ത്രരെ പരിഗണിക്കാം.

 പാർട്ടി മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാർ, സഹകരണസംഘം-ബാങ്ക് പ്രസിഡന്റുമാർ എന്നിവർ ത്രിതല പഞ്ചായത്ത്, നഗരസഭാദ്ധ്യക്ഷരായി തിരഞ്ഞെടുക്കപ്പെട്ടാൽ പാർട്ടി, ബാങ്ക്, സംഘം പ്രസിഡന്റ് പദവികളൊഴിയണം.

 ഘടകകക്ഷി തർക്കങ്ങളിൽ മേൽകമ്മിറ്റികൾ ഇടപെടണം.

 സ്ഥാനാർത്ഥിനിർണയത്തിലെ അപാകതകൾ കൊണ്ട് പരാജയമുണ്ടായാൽ ഉത്തരവാദികൾക്കെതിരെ നടപടി.

 പാർട്ടി, മുന്നണി സ്ഥാനാർത്ഥികളെ തോല്പിക്കാൻ പ്രത്യക്ഷമായോ പരോക്ഷമായോ ഇടപെട്ടാൽ നടപടി.

 പാർട്ടി സ്ഥാനാർത്ഥികൾ പാർട്ടിയിലോ പോഷകസംഘടനയിലോ അംഗത്വമുള്ളവരെന്നുറപ്പാക്കണം.

 ജനപ്രതിനിധിയാകുന്നവർ പാർട്ടി നിശ്ചയിക്കുന്ന ലെവി കൃത്യമായി നൽകുമെന്ന് ഒപ്പിട്ട സാക്ഷ്യപത്രം നൽകണം.