pic2

നാഗർകോവിൽ: നവരാത്രി പൂജയ്ക്ക് എത്തുന്ന തേവാരക്കെട്ട് സരസ്വതിയെ അകമ്പടി സേവിക്കുന്ന മൂന്നൂറ്റിനങ്കയ്ക്ക് ശുചീന്ദ്രത്ത് ഭക്തിനിർഭരമായ യാത്രഅയപ്പ്. ഇന്നലെ രാവിലെ ശുചീന്ദ്രത്തിൽ നിന്ന് യാത്ര തിരിച്ച മുന്നൂറ്റിനങ്ക ഉച്ചയോടെ പത്മനാഭപുരത്തെത്തി. ഇന്ന് രാവിലെ മുന്നൂറ്റിനങ്കയുടെയും വേളിമല കുമാരസ്വാമിയുടെയും അകമ്പടിയോടെ സരസ്വതിദേവി തിരുവനന്തപുരത്തേക്ക് എഴുന്നള്ളും. ഇന്നലെ രാവിലെ മുന്നൂറ്റിനങ്ക ദേവിയുടെ ശുചീന്ദ്രത്തെ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾക്ക് ശേഷമാണ് ദേവി പുറപ്പെട്ടത്. രാവിലെ 8ഓടെ യാത്രഅയപ്പ് ചടങ്ങുകൾക്ക് തുടക്കമായി. കന്യാകുമാരി ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണൻ, കന്യാകുമാരി ദേവസ്വം ജോയിന്റ് കമ്മിഷണർ അൻപുമണി തുടങ്ങിയവർ പങ്കെടുത്തു. ക്ഷേത്രത്തിന് പുറത്ത് തമിഴ്നാട് പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. അവിടെനിന്ന് പുറപെട്ട മുന്നൂറ്റിനങ്ക ശുചീന്ദ്രം സ്ഥാണുമാലയൻ ക്ഷേത്രത്തിനു മുന്നിലെത്തി അനുവാദം വാങ്ങി. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് തട്ടപൂജകളും ഭക്തരുടെ സ്വീകരണങ്ങളുമില്ലാതെയാണ് ദേവി പത്മനാഭപുരത്ത് എത്തിയത്. ഇന്ന് രാവിലെ എട്ടിന് പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്കൽ മാളികയിൽ ആചാരപ്രകാരം ഉടവൾ കൈമാറ്റ ചടങ്ങ് നടക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രനും കേരളത്തിലെയും തമിഴ്നാട്ടിലെയും ദേവസ്വം - റവന്യൂ പുരാവസ്‌തു വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും. അവിടെ നിന്ന് പുറപ്പെടുന്ന ഘോഷയാത്ര കുഴിത്തുറ മഹാദേവ ക്ഷേത്രത്തിൽ ഇറക്കിപൂജ നടത്തും. തുടർന്ന് നാളെ രാവിലെ ഘോഷയാത്ര അതിർത്തിപ്രദേശമായ കളിയിക്കാവിളയിലെത്തും. വൈകിട്ട് നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഇറക്കിപൂജ നടത്തും. ഘോഷയാത്ര വെള്ളിയാഴ്ച വൈകിട്ട് നാലിന് അനന്തപുരിയിൽ കോട്ടയ്ക്കകത്ത് എത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

 ഒരുക്കങ്ങൾ തുടങ്ങി

തിരുവനന്തപുരം: നവരാത്രി ഘോഷയാത്ര സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തിരുവനന്തപുരത്ത് തുടങ്ങി. ഘോഷയാത്ര പദ്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് എത്തിയ ശേഷം സരസ്വതി ദേവിയെ ആറാട്ടിനുശേഷം നവരാത്രി മണ്ഡപത്തിൽ കുടിയിരുത്തും. ഘോഷയാത്ര കോട്ടയ്ക്കകത്ത് എത്തിയ ഉടനെ മുന്നൂറ്രിനങ്കയെ ചെന്തിട്ട ഭഗവതി ക്ഷേത്രത്തിലേക്കും കുമാരസ്വാമിയെ ആര്യശാല ഭഗവതി ക്ഷേത്രത്തിലേക്കും ആനയിക്കും. 26ന് വിജയദശമി ചടങ്ങുകൾക്ക് ശേഷം 28നാണ് മടക്കയാത്ര. നവരാത്രി മണ്ഡപത്തിൽ പതിവുപോലെ ദർശനത്തിന് അനുവാദമുണ്ടാകില്ലെന്നാണ് കരുതുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ഇതുസംബന്ധിച്ച ഉത്തരവിൽ പറയുന്നുണ്ട്.

 പദ്മനാഭസ്വാമി ക്ഷേത്രത്തിലെ

ചടങ്ങ്: തീരുമാനമായില്ല

പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിത്യപൂജ നടക്കുന്നുണ്ടെങ്കിലും വിജയദശമി ദിവസം എഴുത്തിനിരുത്ത് നടത്തുമോ എന്ന കാര്യത്തിൽ തീരുമാനമായില്ല. സാധാരണ വേദവ്യാസ മണ്ഡ‌പത്തിലാണ് എഴുത്തിനിരുത്ത് നടത്തുക. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ഇപ്പോൾ ക്ഷേത്രത്തിൽ ദർശനവും അനുവദിക്കുന്നില്ല.