
കൊല്ലം: പ്രതിശ്രുതവരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിൽ മനം നൊന്ത് കൊട്ടിയത്ത് റംസിയെന്ന യുവതി ജീവനൊടുക്കിയ സംഭവത്തിൽ സീരിയൽ നടി ഉൾപ്പെടെയുള്ളവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ അന്വേഷണസംഘം ഹൈക്കോടതിയെ സമീപിച്ചു.
അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന പത്തനംതിട്ട എസ്.പി കെ.ജി സൈമണിന്റെ നിർദേശാനുസരണം അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി പി. അനിൽകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതിശ്രുതവരനായ ഹാരിഷിന്റെ മാതാവും രണ്ടാം പ്രതിയുമായ കൊല്ലം വടക്കേവിള പള്ളിമുക്ക് ഇക്ബാൽ നഗർ 155ൽ കിട്ടന്റഴികത്ത് ആരിഫാബീവി, മൂന്നാം പ്രതിയും ഹാരിഷിന്റെ സഹോദരൻ അസറുദ്ദീന്റെ ഭാര്യയുമായ ലക്ഷ്മി പി. പ്രമോദ്, നാലാം പ്രതി അസറുദ്ദീൻ എന്നിവർക്കാണ് ഇന്നലെ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
ജാമ്യവ്യവസ്ഥയിൽ ഈ മാസം 15ന് മുമ്പ് ചോദ്യം ചെയ്യാനായി നടിയുൾപ്പെടെയുള്ള പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്ന് നിർദേശിച്ചിരുന്നു. ഹാജരാകുന്ന ദിവസം മൂന്നുമണിക്കൂറിനകം ചോദ്യം ചെയ്ത് പ്രതികളെ വിട്ടയ്ക്കണമെന്ന മുൻകൂർ ജാമ്യ ഉത്തരവിലെ നിർദേശം വിശദമായ ചോദ്യം ചെയ്യലിനും തെളിവ് ശേഖരണത്തിനും തടസമാണെന്ന് എസ്.പി കെ.ജി സൈമൺ വെളിപ്പെടുത്തി.
റംസിയെ ഗർഭച്ഛിദ്രത്തിന് വിധേയയാക്കി തെളിവ് നശിപ്പിക്കാനും ഗർഭച്ഛിദ്രത്തിന് വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമയ്ക്കാനും കൂട്ടുനിന്നുവെന്നും ഇതിനായി ഗൂഢാലോചന നടത്തിയെന്നുമാണ് ലക്ഷ്മി.പി. പ്രമോദിനും ഭർത്താവ് അസറുദ്ദീനും എതിരെ പൊലീസ് ആരോപിച്ചിരിക്കുന്ന കുറ്റം. ഇതുൾപ്പെടെ ആത്മഹത്യാപ്രേരണ, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ആരിഫാബീവിക്കെതിരെ ഉന്നയിച്ചിരുന്നത്. ഒന്നാംപ്രതി ഹാരിഷ് ജുഡിഷ്യൽ കസ്റ്റഡിയിലാണ്. നടി ഉൾപ്പെടെയുള്ളവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ റംസിയുടെ കുടുംബവും ജസ്റ്റിസ് ഫോർ റംസി ഫോറവും ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
''
പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചതും ജാമ്യ ഉത്തരവിലെ നിർദേശങ്ങളും ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കെ.ജി സൈമൺ
എസ്.പി, പത്തനംതിട്ട