
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ തദ്ദേശ മത്സ്യവിത്തുത്പാദന കേന്ദ്രത്തിന് വയനാട് ജില്ലയിലെ തളിപ്പുഴയിൽ തുടക്കമായി. മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ വീഡിയോ കോൺഫറൻസിലൂടെ പദ്ധതി ഉദ്ഘാടനം ചെയ്തു. തദ്ദേശ മത്സ്യങ്ങളുടെ ഉത്പാദനം വർദ്ധിപ്പിച്ച് വനപ്രദേശങ്ങളിലെ റിസർവോയറുകളിൽ നിക്ഷേപിച്ച് മത്സ്യ സമ്പത്ത് ഉറപ്പാക്കുന്നതിനുള്ള പദ്ധതിയാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
വംശനാശ ഭീഷണി നേരിടുന്നതും വയനാട് ജില്ലയിലെ ജലാശയങ്ങളിൽ കണ്ടുവരുന്നതുമായ പാൽക്കടന്ന, പച്ചിലവെട്ടി മത്സ്യങ്ങളുടെ ഉത്പാദന ഹാച്ചറിയാണ് ആരംഭിച്ചത്. കേന്ദ്ര മത്സ്യ ഗവേഷണ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫ്രഷ് വാട്ടർ അക്വാകൾച്ചർ ബംഗളുരു സെന്ററിന്റെ സഹായത്തോടെയാണ് പദ്ധതി.