തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങൾ പൊതുജനങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാൻ വ്യാപാര കേന്ദ്രങ്ങളടക്കമുള്ള പൊതുസ്ഥലങ്ങളിൽ കർശന പരിശോധന. ജില്ലാ കളക്ടർ നിയോഗിച്ച സെക്ടറൽ ഓഫീസർമാരുടെ നേതൃത്വത്തിലാണ് പരിശോധന. മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. 92 സെക്ടറൽ ഓഫിസർമാരെയാണു മജിസ്റ്റീരിയൽ അധികാരങ്ങളോടെ നിയോഗിച്ചിരിക്കുന്നത്. നഗരത്തിൽ പത്തു ഡിവിഷനുകൾക്ക് ഒരു സെക്ടറൽ ഓഫിസറും മുനിസിപ്പാലിറ്റികളിൽ രണ്ടു വാർഡുകൾക്ക് ഒരു ഉദ്യോഗസ്ഥനും ഒരു പഞ്ചായത്തിൽ ഒന്ന് എന്ന നിലയ്‌ക്ക് 73 പഞ്ചായത്തുകളിൽ 73 ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ഒരു ദിവസം 20 കേന്ദ്രങ്ങളിൽ വീതമാണ് പരിശോധന. ജില്ലാ വികസന കമ്മിഷണറുടെ നേതൃത്വത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുടെ ഭാഗമായാണ് ഇവരുടെ പ്രവർത്തനം. ബ്രേക്ക് ദ ചെയിൻ മാർഗനിർദ്ദേശങ്ങൾ പാലിക്കുക, വിവാഹം, ശവസംസ്‌കാര ചടങ്ങ് എന്നിവയിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിലുള്ള നിയന്ത്രണം, ഓഡിറ്റോറിയങ്ങൾ അടക്കമുള്ള സ്ഥലങ്ങളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം എന്നിവയും ഇവർ നിരീക്ഷിക്കുമെന്ന് കളക്ടർ അറിയിച്ചു.