
കോവളം: കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ ഒന്നാംഘട്ടമായ കഴക്കൂട്ടം-മുക്കോല റോഡിന്റെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഗതാഗതം കോവളം ജംഗ്ഷനിൽ അവസാനിക്കും. നിർമ്മാണം പൂർത്തിയാക്കിയെന്ന് പറയുന്ന കോവളം മുതൽ തലയ്‌ക്കോട് വരെയുള്ള നാല് കിലോമീറ്ററോളം ദൂരം അടഞ്ഞ് തന്നെ കിടക്കും. കോവളം ജംഗ്ഷനിൽ ബൈപാസ് റോഡ് തുറന്നുകൊടുത്താൽ തലക്കോട് ഭാഗത്ത് റോഡ് അടച്ചിരിക്കുന്നത് കാരണം വാഹനങ്ങൾ യാത്ര അവസാനിപ്പിച്ച് തിരികെ മടങ്ങേണ്ടി വരികയും റോഡിൽ അപകടങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യതയും കണക്കിലെടുത്താണ് ബൈപാസ് അധികൃതർ ഗതാഗതം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. കഴക്കൂട്ടം മുതൽ മുക്കോല വരെയുള്ള 26.7 കിലോമീറ്റർ ദേശീയപാതയാണ് പൂർത്തിയായത്. 43 കിലോമീറ്റർ ദൂരത്തിലുള്ള കഴക്കൂട്ടം-കാരോട് പദ്ധതിയുടെ ആദ്യഘട്ടമാണിത്. നാല്‌വരിപ്പാതയും സർവീസ് റോഡുമടക്കം 45 മീറ്ററാണ് ദേശീയപാത. 2008ൽ വിശദമായ പദ്ധതിരേഖ തയ്യാറാക്കിയതാണ്. 2010ൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി. 2015 ലാണ് നിർമ്മാണം തുടങ്ങിയത്. മൂന്ന് പാലങ്ങളും അടിപ്പാതകളും അടങ്ങുന്നതാണ് പദ്ധതി. 1120.86 കോടി ചെലവിട്ടാണ് ഒന്നാംഘട്ടം പൂർത്തിയാക്കിയത്. കഴക്കൂട്ടം-മുക്കോല ബൈപാസ് റോഡിനും ചാക്ക ഓവർ ബ്രിഡ്ജിനുമായി 800 കോടി ചെലവിട്ടു. കാൽനടക്കാർക്കായി ഏഴ് ഫുട് ഓവർ ബ്രിഡ്ജുകൾ നിർമ്മിക്കാൻ പദ്ധതിയിട്ടെങ്കിലും നാലെണ്ണമേ പൂർത്തിയായിട്ടുളളൂ.
കഴക്കൂട്ടം-കാരോട് ദേശീയപാത പദ്ധതിയുടെ ആകെ നീളം 43 കി.മീ.
കഴക്കൂട്ടം മുതൽ മുക്കോല വരെ പൂർത്തിയായത് 26.7 കി.മീ.
പദ്ധതിയുടെ ഒന്നാംഘട്ടത്തിന് ചെലവായത് 1120.86 കോടി രൂപ
കഴക്കൂട്ടം-മുക്കോല ബൈപ്പാസിനും ചാക്ക ഓവർ ബ്രിഡ്ജിനുമായി ചെലവിട്ടത് 800 കോടി രൂപ
അപകടങ്ങൾ പതിവ്
സർവീസ് റോഡുകളിൽ നിന്നുള്ള പ്രവേശനകവാടങ്ങൾ, ഡിവൈഡറുകൾ, യു ടേൺ കേന്ദ്രങ്ങൾ, സിഗ്നൽ പോയിന്റുകൾ എന്നിവയാണ് നിർമ്മിച്ചത്. 80 കിലോമീറ്ററാണ് അനുവദിച്ചിട്ടുള്ള പരമാവധി വേഗത. എന്നാൽ, നിലവിൽ ഉപയോഗത്തിലുള്ള ചാക്ക, കരിക്കകം, കഴക്കൂട്ടം ഭാഗത്ത് അമിതവേഗത കാരണം നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ബാരിക്കേഡുകൾവച്ചും സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചുമാണ് ഗതാഗതം നിയന്ത്രിക്കുന്നത്.
തലസ്ഥാനത്ത് നിന്നും കന്യാകുമാരിയിലേക്ക്
സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെങ്കിൽ ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ അനുമതി നേടേണ്ടിവരും
രണ്ടാംഘട്ടത്തിൽ തീർക്കേണ്ടത് മുക്കോല മുതൽ കാരോട് വരെയുള്ള 16.2 കിലോമീറ്റർ പാതയാണ്. ഇതിന്റെ നിർമാണപ്രവർത്തനങ്ങൾ 72 ശതമാനം മാത്രമാണ് പൂർത്തിയായത്. സേലം-കന്യാകുമാരി എക്സ്‌പ്രസ് ഹൈവേയുമായും കന്യാകുമാരിയുമായും തലസ്ഥാനത്തെ ബന്ധിപ്പിക്കുകയാണ് പുതിയ പാതകളുടെ ലക്ഷ്യം. ഇതിന്റെ രണ്ടാം ഘട്ടങ്ങൾ പൂർത്തിയായാലും തമിഴ്നാട്ടിലെ റോഡുകൾ കൂടി സജ്ജമായാൽ മാത്രമേ പ്രയോജനപ്പെടുകയുള്ളൂ. നിലവിലുള്ള ദേശീയപാതയ്ക്കു സമാന്തരമായി ചുങ്കാൻകടയിലേക്കാണ് കാരോട് നിന്നുള്ള റോഡ് എത്തുന്നത്. ദേശീയപാതയുടെ ഭാഗമായി തോവാളവരെ പോകുന്ന റോഡ് പിന്നീട് കന്യാകുമാരിക്കും തിരുനെൽവേലിക്കുമായി രണ്ടായി പിരിയും. ഈ ഭാഗത്തെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്.