
പാലോട് : വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്ത് ശ്രദ്ധേയനായ വി.കെ.സതീഷിന്റെ വിയോഗം നാടിനു നൊമ്പരമായി. 90 -കളിൽ എസ്.എഫ്.ഐ വെഞ്ഞാറമൂട് ഏരിയാ സെക്രട്ടറിയായും ഡി.വൈ.എഫ്.ഐ ഏരിയാ ജോയിന്റ് സെക്രട്ടറിയുമായി കോളേജ്, സ്കൂൾ കാമ്പസുകളിലും യുവജന സമരവേദികളിലും തിളങ്ങിയിരുന്നു. മലയോരത്ത് ഡി.വൈ.എഫ്.ഐ കെട്ടിപ്പടുക്കുന്നതിൽ ജ്യേഷ്ഠ സഹോദരൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. സിംഫണി ഗ്രന്ഥശാല സ്ഥാപിക്കുന്നതിലും ആസ്ഥാനം ഒരുക്കുന്നതിലും മുഖ്യ പങ്ക് വഹിച്ച സതീഷ്, നന്ദിയോട്, പാലോട്, പെരിങ്ങമ്മല പ്രദേശത്തെ ചെറുപ്പക്കാരുടെ പ്രിയങ്കരനായിരുന്നു. പ്രമുഖ നാടകകൃത്തും ആദ്യകാല നക്സൽ പ്രവർത്തകനും അദ്ധ്യാപകനുമായിരുന്ന കെ.പി. രവിയുടെ മകൾ ഷൈനിയാണ് ഭാര്യ.
'ശാന്തികുടീര' ത്തിൽ അന്ത്യവിശ്രമം
പാലോട് : മൃതദേഹം അടക്കം ചെയ്യാൻ ഇടമില്ലാതെ സ്വന്തം വീടിന്റെ അടുക്കള പൊളിക്കുന്ന സംഭവങ്ങൾ തുടർക്കഥയായ ആദിവാസി, തോട്ടം മേഖലയിൽ സാങ്കേതിക മികവോടെ ഒരു ക്രിമിറ്റോറിയം നിർമ്മിക്കുക എന്നത് വി.കെ. സതീഷ് ഉയർത്തിയിരുന്ന ആവശ്യമായിരുന്നു. ഈ ആവശ്യം ഉന്നയിച്ച് വിവിധ സന്നദ്ധ, സാമൂഹ്യ സംഘടനകളും വ്യക്തികളും മുന്നോട്ടു വന്നിട്ടുണ്ട്. സതീഷിന്റെ ജ്യേഷ്‌ഠനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ വി.കെ. മധു മുൻകൈ എടുത്ത് 2 കോടി രൂപ ചെലവിട്ട് നിർമ്മിച്ച പാലോട് അത്യാധുനിക ക്രിമിറ്റോറിയം 'ശാന്തികുടീര" ത്തിന്റെ ഉദ്‌ഘാടനം ദിവസങ്ങൾക്ക് മുമ്പാണ് നടന്നത്. വി.കെ. സതീഷിനായിരുന്നു 'ശാന്തികുടീര"ത്തിൽ അന്ത്യവിശ്രമം കൊള്ളാനുള്ള ആദ്യ നിയോഗം. വി.കെ. മധുവിന്റെ മേൽനോട്ടത്തിൽ ആചാരങ്ങൾ ഒഴിവാക്കി പാർട്ടി പതാക പുതപ്പിച്ചായിരുന്നു സംസ്കാര ചടങ്ങുകൾ. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഡി.കെ. മുരളി എം.എൽ.എ, മുൻ മന്ത്രി എം.വിജയകുമാർ, വി.ജോയ് എം.എൽ.എ തുടങ്ങി നിരവധി പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.