തിരുവനന്തപുരം:ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം 'ഹൈടെക് ' അമ്മത്തൊട്ടിലിൽ തിങ്കളാഴ്ച ഒരു കുട്ടിയെ കൂടി കിട്ടി. കൊവിഡ് കാലത്ത് ഒരിടവേളയ്ക്ക് ശേഷം ലഭിച്ച പെൺകുഞ്ഞിന് ജ്വാല എന്ന് പേരിട്ടു. ഏഴു ദിവസം പ്രായമുണ്ട്. തൈക്കാട് ആശുപത്രിയിലെത്തിച്ച് കൊവിഡ് പരിശോധന നടത്തി.
ഹാഥ്‌രസ് കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കുട്ടിക്ക് ജ്വാല എന്ന് പേരിട്ടതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ.ഷിജൂഖാൻ പത്രകുറിപ്പിൽ അറിയിച്ചു.
സംസ്ഥാനത്ത് അമ്മത്തൊട്ടിൽ സ്ഥാപിച്ചതിനു ശേഷം ലഭിക്കുന്ന 290-ാമത്തെ കുട്ടിയാണ് ജ്വാല. തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 139-ാമത്തെ കുരുന്നും. കുഞ്ഞിന്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.