pairuletar

നെയ്യാറ്റിൻകര: ആശുപത്രി മാലിന്യങ്ങൾ ഇല്ലാതാകുന്നതിനോടൊപ്പം പരിസര മലിനീകരണം ഒഴിവാക്കുന്നതിനായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള പൈറുലേറ്ററിന്റെ പ്രവർത്തനം നിലച്ചു. പൈറുലേറ്റിന്റെ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങളായി. ആശുപത്രിയിൽ പ്ലാസ്റ്റിക്ക് ഒഴികെയുള്ള അജൈവമാലിന്യങ്ങൾ കത്തിച്ച് കളയുന്നതിനായി ലക്ഷങ്ങൾ ചെലവാക്കി പത്ത് വർഷം മുൻപ് ആശുപത്രിക്ക് പിറകിലുള്ള സ്ഥലത്താണ് പൈറുലേറ്റ‌ർ സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ പൈറുലേറ്റർ പ്രവർത്തിച്ചതാകട്ടെ ഏതാനും മാസങ്ങളും. പൈറുലേറ്റ‌ർ പ്രവർത്തനം അവസാനിപ്പിച്ചതോടെ മാലിന്യങ്ങൾ ആശുപത്രി വളപ്പിലെ തുറസായ സ്ഥലത്തുള്ള കുഴിയിൽ നിക്ഷേപിക്കാൻ തുടങ്ങി. നിക്ഷേപിച്ച ശേഷം കത്തിച്ച് കളയുന്നതാണ് പതിവ്. മാലിന്യങ്ങൾ തുറസായ സ്ഥലത്ത് കത്തിക്കുന്നതിലൂടെ പ്രദേശത്തും ധാരാളം പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. കത്തിച്ചുകളയുന്ന അവശിഷ്ടങ്ങളിൽ ബാക്കിയാവുന്നത് കാക്കയും മറ്റ് പക്ഷികളും നായയും വലിച്ചെടുത്ത് ജനവാസമേഖലയിലേക്ക് എത്തിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ഭയത്തിലാണ് പ്രദേശവാസികൾ. കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുകയും പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതിയുണ്ട്. ആശുപത്രിയിലെ പേവാർഡ് (നിലവിലെ കൊവിഡ് പരിശേധന കേന്ദ്രം), തീവ്ര പരിചരണ വാർഡ് എന്നറിയപ്പെടുന്ന പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, ബ്ലഡ് ബാങ്ക് എന്നിവയെല്ലാം പ്രവർത്തിക്കുന്നതിന് സമീപത്തുള്ള കുഴിയിലാണ് മാലിന്യങ്ങൾ നിക്ഷേപിച്ച ശേഷം കത്തിച്ച് കളയുന്നത്. മാലിന്യം നിക്ഷേപിക്കുന്ന കുഴിക്ക് സമീപമായുള്ള റോഡിന് അടുത്താണ് നെയ്യാറ്റിൻകരയിലെ പൊലീസ് ആസ്ഥാനം. താലൂക്ക് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ജനറൽ ആശുപത്രി എന്നതിന് പുറമേ ദിനംപ്രതി നിരവധി ആളുകൾ എത്താറുള്ള ഈ ആശുപത്രിയിലെ മാലിന്യ സംസ്കരണമെന്നപോലെ തന്നെ മലിനജല സംസ്കരണവും അവതാളത്തിലായിരിക്കുകയാണ്.