pinarayi-vijayan

തിരുവനന്തപുരം: യു.എ.ഇ കോൺസൽ ജനറൽ എപ്പോഴെല്ലാം തന്നെ കാണാൻ വന്നിട്ടുണ്ടോ അപ്പോഴെല്ലാം കോൺസുലേറ്റ് സെക്രട്ടറി എന്ന നിലയിൽ സ്വർണക്കടത്ത് കേസിൽ പ്രതിയായ വിവാദസ്ത്രീ സ്വപ്ന സുരേഷും വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള ബന്ധം എപ്പോൾ തുടങ്ങി എന്നൊന്നും എനിക്ക് പറയാനാവില്ല. എന്നാൽ കോൺസൽ ജനറലിന്റെ സെക്രട്ടറിയെന്ന നിലയ്ക്ക് എന്റെയടുത്ത് വന്ന് പരിചയപ്പെട്ടിട്ടുണ്ട്. കോൺസൽ ജനറൽ വരുമ്പോഴെല്ലാം മിക്കവാറും ഇവരുമുണ്ടായിരുന്നു. ഒരു മുഖ്യമന്ത്രിയും കോൺസൽ ജനറലും തമ്മിൽ കൂടിക്കാണുന്നതിൽ അസാംഗത്യമൊന്നുമില്ല. അവരുടെ ഒരു പരിപാടി നടക്കുന്നു, അതിന് മുഖ്യമന്ത്രി പോയാലും ഇല്ലെങ്കിലും അദ്ദേഹത്തെ ക്ഷണിക്കാൻ കോൺസൽ ജനറൽ വരില്ലേ.എന്റെ ഓഫീസിലെ കാര്യങ്ങൾക്ക് ബന്ധപ്പെടാൻ ശിവശങ്കറിനെ ചുമതലപ്പെടുത്തിയോ എന്നിപ്പോൾ ഓർക്കുന്നില്ല. എന്റെ അന്നത്തെ സെക്രട്ടറിയെന്ന നിലയ്ക്ക് സ്വാഭാവികമായും അദ്ദേഹത്തെ ബന്ധപ്പെട്ടോളൂ എന്ന് ഞാൻ പറയുന്നതിൽ അസ്വാഭാവികതയില്ല. നിരവധി തവണ സ്വപ്ന മുഖ്യമന്ത്രിയെ കാണാൻ വന്നിട്ടുണ്ടോയെന്ന ചോദ്യത്തിന്, 3- 4 കൊല്ലമായില്ലേ, അതിനിടയിൽ പല ചടങ്ങുകൾ നടന്നിട്ടുണ്ട്. ആ ഘട്ടത്തിലെല്ലാം അദ്ദേഹം വന്നു, അദ്ദേഹത്തോടൊപ്പം ഈ സ്ത്രീയും വന്നിട്ടുണ്ട് എന്നായിരുന്നു മറുപടി.