
തിരുവനന്തപുരം:കൊവിഡ് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയ ജില്ലയാണ് തിരുവനന്തപുരമെന്നും ഇപ്പോൾ ജില്ലയിൽ രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിവിധ വകുപ്പുകൾ സംയുക്തമായി പ്രവർത്തിക്കുന്നതു കൊണ്ടാണ് രോഗ വ്യാപനം കുറയ്ക്കാൻ സാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചില മത്സ്യച്ചന്തകൾ, വഴിയോരക്കച്ചവട - ഭക്ഷ്യവിതരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സാമൂഹ്യഅകലം അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും ഇതിനെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചിലയിടങ്ങളിൽ കുട്ടികൾക്കായി സ്വകാര്യ ട്യൂഷൻ നടന്നുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നിരവധി കുട്ടികൾ ഓൺലൈൻ പരീക്ഷകൾക്കും മറ്റുമായി ഇത്തരം ട്യൂഷൻ കേന്ദ്രങ്ങളെ സമീപിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിൽ പ്രതിദിനം കൊവിഡ് പോസിറ്റീവാകുന്നതിൽ 15 വയസിനു താഴെയുള്ള കുട്ടികൾ വലിയ ശതമാനമാണെന്നും ഇത് തടയാൻ മാതാപിതാക്കൾ ആവശ്യമായ കരുതൽ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലയിൽ ഇന്നലെ 777 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ 800ൽ താഴെ രോഗികളാണ് പുതുതായി ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. 629, 797, 777 എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്നു ദിവസത്തെ ജില്ലയുടെ കണക്ക്. കൊവിഡ് വ്യാപനം അതിരൂക്ഷമായ ജില്ലയിൽ രോഗികളുടെ എണ്ണം ആയിരത്തിലധികം പല ദിവസവും കടന്നിട്ടുണ്ട്. നാല് ദിവസത്തിനിടയ്ക്ക് ജില്ലയിൽ രോഗമുക്തി നേടിയവരും കൂടുതലാണ്. 4 ദിവസം കൊണ്ട് 3549 പേർക്ക് രോഗമുക്തിയുമുണ്ടായിട്ടുണ്ട്. ജില്ലയിൽ കളക്ടറുടെയും മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്റെയും നേതൃത്വത്തിൽ നടപ്പിലാക്കിയ ആക്ഷൻ പ്ളാൻ സെക്ടറൽ ഓഫീസർമാരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഊർജിതമാക്കിയിരുന്നു. രോഗവ്യാപന തോത് കൂടുതലുള്ള നഗരത്തിലും നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധനയും നിയന്ത്രണങ്ങളും കർശനമാക്കി.
ഇന്നലെ 680 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 62 പേരുടെ ഉറവിടം വ്യക്തമല്ല. 24 പേർ വീട്ടുനിരീക്ഷണത്തിലായിരുന്നു. 7 പേർ വിദേശത്തു നിന്നെത്തി. നാലുപേർ മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നെത്തിയതാണ്. 326 പേർ സ്ത്രീകളും 451 പേർ പുരുഷന്മാരുമാണ്. ഇവരിൽ 15 വയസിനു താഴെയുള്ള 62 പേരും 60 വയസിനു മുകളിലുള്ള 137 പേരുമുണ്ട്.
പുതുതായി നിരീക്ഷണത്തിലായവർ - 2368
ആകെ നിരീക്ഷണത്തിലുള്ളവർ -31304
ഇന്നലെ രോഗമുക്തി നേടിയവർ - 815
നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കിയവർ - 2,906
ജില്ലയിൽ ചികിത്സയിലുള്ളവർ- 11475