
തിരുവനന്തപുരം: നാടിനെയും ജനങ്ങളെയും മനസ്സിൽക്കണ്ടുള്ള നടപടികളാവണം സർക്കാർ സ്വീകരിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അങ്ങനെ ചെയ്യുമ്പോൾ ആരെങ്കിലും എതിർത്തോ എന്നത് പ്രശ്നമല്ല. ആ ദൗത്യം നിറവേറ്റാനായതിൽ തികഞ്ഞ മന: സംതൃപ്തിയുണ്ടെന്നും, ദേശീയപാതാ വികസനവും ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തീകരണവുമടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വ്യക്തമാക്കി.
ദേശീയപാതാ വികസനം 45മീറ്റർ വീതിയിൽ വേണോ, 35മീറ്റർ വേണോയെന്ന തർക്കം നടക്കുമ്പോൾ ഞാൻ സി.പി.എം സംസ്ഥാന സെക്രട്ടറിയാണ്. അന്നത്തെ സർക്കാരിലെ ബന്ധപ്പെട്ടവരോട് സർവ്വകക്ഷിയോഗം വിളിക്കണമെന്ന് പറഞ്ഞു. 45 മീറ്റർ വീതി ഒഴിവാക്കാനാവില്ലെന്ന് ആ യോഗത്തിൽ ഞാൻ ശക്തമായി വാദിച്ചത് പൊതുവിൽ അംഗീകരിച്ചു. എന്നാൽ, സ്ഥലമെടുപ്പിന്റെ കാര്യത്തിൽ ഒരു നടപടിയും പിന്നീടുണ്ടായില്ല.എതിർക്കാൻ നിൽക്കുന്നവരുണ്ടാകും. നിർദ്ദോഷികളെ എതിർപ്പിന്റെ ഭാഗമാക്കാനും ശ്രമിക്കും. എന്നാൽ നമുക്ക് ദുരുദ്ദേശ്യമില്ല. വളഞ്ഞ ചിന്ത പാടില്ല. നാടിന്റെ വികസനത്തിനുതകുന്ന പദ്ധതി നടപ്പാക്കണമെന്ന ചിന്തയേയുള്ളൂ. ഞങ്ങളെന്തെങ്കിലും അദ്ഭുതകാര്യം ചെയ്തുവെന്ന് പറയുന്നില്ല. ദേശീയപാതാ വികസനം പൂർത്തിയായില്ലെങ്കിൽ അവസ്ഥയെന്താകുമെന്ന് നാട്ടുകാരോട് പറഞ്ഞു.. അവർക്കത് ബോദ്ധ്യമായി.സഹകരിക്കാൻ തയാറായി.
കൂടംകുളം പദ്ധതിയിൽ നിന്നു വൈദ്യുതിയെത്തിക്കാനുള്ള ഇടമൺ- കൊച്ചി പവർ ഹൈവേയിൽ നിന്ന് പിന്മാറിയ പവർഗ്രിഡ് കോർപ്പറേഷനെ ഞങ്ങൾ തിരിച്ചുകൊണ്ടു വന്നില്ലേ. ഗെയ്ൽ പൈപ്പ് ലൈൻ വഴി ഗ്യാസ് കണ്ണൂർ വരെയെത്തി.. ചന്ദ്രഗിരിപ്പുഴ കടക്കുന്നതിനുള്ല സാങ്കേതിക തടസ്സം പെട്ടെന്ന് മാറ്റണം. അതോടെ,നാട്ടിൽ വിവിധ കേന്ദ്രങ്ങളിൽ ഗ്യാസ് ലഭിക്കും.. സിറ്റി ഗ്യാസ് പ്രോജക്ട് നിലവിൽ വന്നു. വ്യവസായങ്ങൾക്ക് മാത്രമല്ല, ഓട്ടോറിക്ഷകൾക്കും പാചകവാതകത്തിനുമടക്കം ഉപയോഗപ്രദമാകുന്നതാണിത്.. ഇന്ത്യയിൽ ദശാബ്ദങ്ങൾക്ക് മുമ്പ് തുടങ്ങിയ പദ്ധതി ഈ സർക്കാർ നടപ്പാക്കാൻ മുൻകൈയെടുത്തു. ഇതിൽ അഭിനന്ദിക്കേണ്ട. നിന്ദിക്കാതിരുന്നാൽ മതി. ഇല്ലാക്കഥകൾ പ്രചരിപ്പിച്ച് ഇപ്പോൾ തർക്കമുണ്ടാക്കുന്നില്ലേ. അത് നടക്കട്ടെ. എന്നാൽ വികസനകാര്യങ്ങളിൽ ഒന്നിച്ചുനിൽക്കാൻ മാദ്ധ്യമങ്ങൾക്കും മാദ്ധ്യമസ്ഥാപനങ്ങൾക്കും കഴിയണം- മുഖ്യമന്ത്രി പറഞ്ഞു.
 5000 റോഡുകളുടെ പുനരുദ്ധാരണം പുരോഗമിക്കുന്നു
സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 5000 റോഡുകളുടെ പുനരുദ്ധാരണവും കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി 14,864 കോടി രൂപയുടെ റോഡ് നവീകരണവും പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പ്രളയകാലത്ത് തകർന്ന റോഡുകളുടെ ഉപരിതലം നവീകരിക്കുന്നതിനായി 1883 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്. അടിസ്ഥാന വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുകയാണ്. നബാർഡിന്റെ 950 കോടി ചെലവഴിച്ചുള്ള റോഡുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്.
കേരളത്തിലെ 98 ശതമാനം റോഡുകളും ഗതാഗത യോഗ്യമാക്കാൻ കഴിഞ്ഞു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 9530 കിലോമീറ്ററോളം റോഡുകൾ പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് പൂർത്തിയാക്കി. 1451 കോടി രൂപ മുതൽ മുടക്കി 189 റോഡുകൾ മൂന്നുമാസത്തിനകം ഗതാഗതത്തിന് തുറക്കും. 158 കിലോമീറ്റർ കെ.എസ്.ടി.പി റോഡ്, കുണ്ടന്നൂർ, വൈറ്റില ഫ്ളൈ ഓവർ ഉൾപ്പടെ 21 പാലങ്ങൾ, 671 കോടിയുടെ കിഫ്ബി പദ്ധതികൾ എന്നിവയുടെ നിർമാണം ഉടൻ പൂർത്തിയാകും. കോവളംബേക്കൽ ജലപാതയും ഉടൻ ഗതാഗത യോഗ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. .