mill

കണ്ണൂർ: പൊതുമേഖലാ സ്ഥാപനമായ മലപ്പുറം കോ- ഓപ്പറേറ്റിവ് സ്പിന്നിംഗ് മിൽസ് ലിമിറ്റഡിൽ മിൽ ഗേറ്റിൽ ആദ്യം എത്തുന്ന 50 പേർക്ക് താത്കാലിക നിയമനം നൽകുന്ന രീതിക്കെതിരെ ഉദ്യോഗാർത്ഥികൾ. ചട്ടപ്രകാരം താത്കാലിക , എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിനെ അറിയിച്ച് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ്, പത്ര പരസ്യം, എഴുത്ത് പരീക്ഷ, ഇന്റർവ്യൂ എന്നിവ നടത്തിയാണ് നിയമനം നടത്തേണ്ടത്. അഞ്ച് വർഷമായി 3 കോടി രൂപ മുതൽ 9 കോടി രൂപ വരെ പ്രതിവർഷ നഷ്ടം ഉള്ള മില്ലാണ് മലപ്പുറം മിൽ. കെ.എസ്.ഇ.ബി ബിൽ, ഇ പി.എഫ് ഇനത്തിൽ രണ്ട് കോടി രൂപയ്ക്ക് മുകളിലാണ് കുടിശ്ശിക. നിലവിലെ ജീവനക്കാർക്കും പൂർണ്ണ ആനുകൂല്യങ്ങളില്ല .നിലവിലെ ജീവനക്കാർക്ക് തന്നെ പൂർണ്ണ ആനുകൂല്യങ്ങളോ തൊഴിൽ ദിനങ്ങളോ നൽകാതെയാണ് വീണ്ടും വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തുന്ന വേഗതയേറിയ പിൻവാതിൽ നിയമനം. മിൽ എം.ഡിയുടെ എതിർപ്പ് വകവെക്കാതെയാണ് മിൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് സമ്മർദ്ദത്തിനു സ്ഥലമായി രാഷ്ട്രീയ താത്പര്യത്തിനായി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വ്യാപക നിയമനം നടത്തുന്നതെന്നാണ് ആരോപണം. പാർലമെന്റ് തിരഞ്ഞെടുപ്പ് നോട്ടിഫിക്കേഷനു തൊട്ടു മുമ്പ് സമാന രൂപത്തിൽ 100 ഓളം നിയമനം നടത്തിയിരുന്നു. വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലയിൽ എംപ്ലോയ്‌മെന്റ് എക്‌സേഞ്ച്, കേരള പി.എസ്.സി എന്നിവയെ ഒന്നും അറിയിക്കാതെ സ്വന്തക്കാരെയും കോഴ വാങ്ങിയും ഭരണം അവസാനിക്കുന്നതിനു മുമ്പ് പതിനായിരത്തോളം പിൻവാതിൽ നിയമനം നടത്താൻ സർക്കാർ രഹസ്യ തീരുമാനം എടുത്തിരുന്നു. ഇതിന്റെ ഭാഗമായി പൊതുമേഖലാ ചെയർമാൻമാർ, എം.ഡി മാർ എന്നിവരുടെ യോഗം 5 ന് റിയാബ് ചെയർമാൻ വിളിച്ച് ചേർക്കാൻ തീരുമാനിച്ചത് വലിയ വിവാദമായതോടെ റദ്ദ് ചെയ്തു നിയമനം നടത്താൻ രേഖകൾ വാങ്ങുകയായിരുന്നു.