
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതിവിധി , അനാവശ്യ പ്രചാരണവും ആരോപണങ്ങളുടെ ധൂമപടലങ്ങളും ഉയർത്തിയവർക്കുള്ള മറുപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.സി.ബി.ഐ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ കരാറുകാർക്കൊപ്പം ലൈഫ് മിഷൻ ഉദ്യോഗസ്ഥരെയും പ്രതിപ്പട്ടികയിൽപ്പെടുത്തിയതിനെയാണ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തത്. ലൈഫ് മിഷൻ വിദേശ സംഭാവന സ്പോൺസറിൽ നിന്ന് നേരിട്ട് വാങ്ങിയിട്ടില്ലെന്നത് തർക്കമില്ലാത്ത വസ്തുതയാണെന്ന് ഉത്തരവിൽ ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. വിദേശനാണയ വിനിമയ നിയമത്തിന്റെ മൂന്നാം വകുപ്പ് വിശദമായി പരിശോധിച്ച ഹൈക്കോടതി, ലൈഫ് മിഷനോ ബിൽഡർമാരോ ഇതിന്റെ വിവരണത്തിലുൾപ്പെടുന്നില്ലെന്നും കൃത്യമായി പ്രതിപാദിച്ചു. എഫ്.സി.ആർ.എയുടെ വകുപ്പുകളോ ലഭ്യമായ രേഖകളോ പ്രകാരം ലൈഫ് മിഷനെ പ്രതിപ്പട്ടികയിൽ ചേർത്തത് ന്യായീകരിക്കുന്നില്ലെന്നും എടുത്തുപറഞ്ഞു. കോടതി വാദം കേൾക്കാനും വിധി പ്രസ്താവിക്കാനും ബാക്കി നിൽക്കെ ,കൂടുതൽ കാര്യങ്ങൾ പറയുന്നില്ല. ഈ രണ്ട് കാര്യങ്ങളിലും ഹൈക്കോടതി വ്യക്തത വരുത്തിക്കഴിഞ്ഞ സ്ഥിതിക്ക് ഊഹങ്ങളെയും സ്വപ്നങ്ങളെയും മുഖവിലയ്ക്കെടുത്ത് ആരും മറ്റൊരു നിഗമനത്തിലെത്തേണ്ട. ആരെങ്കിലും മനക്കോട്ട കെട്ടുന്നെങ്കിൽ അത് അനാവശ്യ മനക്കോട്ടയാവും.ഇടക്കാലവിധിയിൽ അഹങ്കരിക്കേണ്ടെന്നാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത്. ഞങ്ങൾക്കിതിൽ അഹങ്കാരമോ അമിതമായ ആവേശമോ ഇല്ല. എന്നാൽ മറ്റ് ചിലത് ആഗ്രഹിച്ചവർക്ക് വിധി നിരാശയുണ്ടാക്കിയിട്ടുണ്ട്. കെ.പി.സി.സി, ബി.ജെ.പി പ്രസിഡന്റുമാർ ഒരേ നിലയിൽ പ്രതികരിച്ചതിനെപ്പറ്റി ചൂണ്ടിക്കാട്ടിയപ്പോൾ, ഒരേ തൂവൽപ്പക്ഷികൾക്ക് കുറച്ച് പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നായിരുന്നു മറുപടി. എല്ലാ കാര്യത്തിലും അവർക്ക് ഒരേ നിലപാടാണല്ലോ. ജനങ്ങൾ എല്ലാം മനസ്സിലാക്കുന്നുണ്ട്. കാര്യങ്ങൾ ശരിയായി വിലയിരുത്തിയാൽ അവർക്കും നാടിനും നല്ലത്. 150ഓളം കുടുംബങ്ങൾക്ക് ഭവനപദ്ധതി മുടക്കാനായതിൽ സന്തോഷിച്ചവരുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.