തിരുവനന്തപുരം: കരുണാകരൻ മന്ത്രിസഭയിൽ സാമൂഹ്യനീതി വകുപ്പ് മന്ത്രിയായിരുന്ന അന്തരിച്ച പി. കെ. വേലായുധന്റെ ഭാര്യ ഗിരിജയ്ക്ക് ലൈഫ് മിഷനിലൂടെ വീട് നൽകി. തിരുവനന്തപുരം കോർപ്പറേഷൻ കല്ലടിമുഖത്ത് നിർമിച്ച ഫ്ളാറ്റ് സമുച്ചയത്തിൽ ഒരു ഫ്ളാറ്റ് അവർക്കു നൽകി. അതിന്റെ താക്കോൽ ദാനം മന്ത്രി എ.കെ. ബാലൻ നിർവഹിച്ചു.
സാധാരണ ജനങ്ങൾക്ക് കിടപ്പാടമുണ്ടാക്കി നൽകാനുള്ള സംരംഭമാണ് ലൈഫ് പദ്ധതിയെന്നും അതിനെ തെറ്റായി ചിത്രീകരിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വീടെന്ന സ്വപ്നം എത്ര പ്രധാനപ്പെട്ടതാണെന്ന് അത് സ്വന്തമായി യാഥാർത്ഥ്യമാക്കാൻ ശേഷിയില്ലാത്തവർക്കാണ് കൂടുതൽ ബോദ്ധ്യപ്പെടുക. സൗജന്യമായി വീട് ലഭിക്കുമ്പോഴുള്ള സന്തോഷം നമുക്ക് വിവരിക്കാനാവില്ല. 2003 ൽ പി.കെ. വേലായുധൻ അന്തരിച്ചശേഷം വലിയ കഷ്ടപ്പാടിലൂടെയാണ് ഗിരിജയുടെ ജീവിതം മുന്നോട്ടു പോയത്. സ്വന്തമായൊരു വീടില്ലാത്തതിന്റെ ബുദ്ധിമുട്ട് അവർ ഏറെ അനുഭവിച്ചു. വാടകവീടുകളിലും ചിലയിടങ്ങളിൽ പേയിംഗ് ഗസ്റ്റായും താമസിച്ചു. മുൻ സർക്കാരിന്റെ കാലത്ത് ഒരു വീടിനായി പല വാതിലുകൾ മുട്ടി. മുഖ്യമന്ത്രിക്ക് വരെ അപേക്ഷ നൽകി. ഫലമുണ്ടായില്ല. ഇപ്പോൾ മന്ത്രി എ.കെ. ബാലന് നൽകിയ അപേക്ഷയിലൂടെയാണ് ഗിരിജക്ക് വീടെന്ന സ്വപ്നം യാഥാർത്ഥ്യമായത്. തിരുവനന്തപുരം കോർപറേഷന്റെ ഫ്ളാറ്റ് സമുച്ചയത്തിൽ നിന്ന് ഒരു വീട് അനുവദിക്കാൻ കഴിയുമോ എന്ന് പരിശോധിക്കാൻ മന്ത്രി ബാലൻ മേയറോട് ആവശ്യപ്പെടുകയും കോർപ്പറേഷൻ വേഗം വീട് അനുവദിക്കുകയുമായിരുന്നു. മനുഷ്യസ്‌നേഹപരമായ പ്രവൃത്തിയാണിത്. ഇത്തരം നിരവധി ഹൃദയസ്പർശിയായ അനുഭവങ്ങൾ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട് ആ പദ്ധതിയെ ഇകഴ്ത്താനും തളർത്താനുമുള്ള നീക്കങ്ങൾ ഇന്നാട്ടിലെ ജനങ്ങൾക്കെതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.