
തിരുവനന്തപുരം: തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റ് താത്കാലികമായി അടച്ചു. സ്വർണക്കടത്ത് കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കൊവിഡ് വ്യാപനത്തിന്റെ പേരിൽ 20വരെ അടച്ചത്.സ്വർണക്കടത്തിനു പുറമെ ഈന്തപ്പഴം ഇറക്കുമതിയിലും കോൺസുലേറ്റ് അന്വേഷണം നേരിടുന്നുണ്ട്. കൊവിഡ് മൂലം യുഎഇയിലേക്കു പോയ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി മടങ്ങിയെത്തിയില്ല. കേരളത്തിനു പുറമേ ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും തിരുവനന്തപുരത്തു നിന്നാണ് സേവനങ്ങൾ ലഭിച്ചിരുന്നത്. യുഎഇയിലേക്കു പോകുന്നവരുടെ വീസ അനുവദിക്കൽ, രേഖകളുടെ സാക്ഷ്യപ്പെടുത്തൽ എന്നിവയാണു കോൺസുലേറ്റ് വഴിയുള്ള പ്രധാന സേവനങ്ങൾ. അതേസമയം, കോൺസുലേറ്റ് ചെന്നൈയിലേക്ക് മാറ്റുമെന്നത് പ്രചാരണം മാത്രമാണെന്നാണ് സൂചന. കൊവിഡ് കാരണം നേരത്തേയും അടച്ചിരുന്നു.