sssss

കിളിമാനൂർ: സ്ഥിര യാത്രക്കാർക്കായി കെ.എസ്.ആർ.ടി.സി ആരംഭിച്ച ബോണ്ട് സർവീസിന് ഡിമാന്റ് കൂടുന്നു. ജില്ലയിലെ മിക്ക ഡിപ്പോകളിലും കൂടുതൽ സർവീസിനായി യാത്രക്കാർ ആവശ്യപ്പെട്ടു തുടങ്ങി. തിരുവനന്തപുരത്തേക്ക് കല്ലറയിൽ നിന്ന് ആദ്യം സർവിസ് ആരംഭിച്ചതിന് പിന്നാലെ യാത്രക്കാരുടെ ആവശ്യ പ്രകാരം കഴിഞ്ഞ ആഴ്ച കാരേറ്റ് നിന്നും പുതിയ സർവിസ് ആരംഭിച്ചിരുന്നു. വെഞ്ഞാറമൂട് ഡിപ്പോയിൽ നിന്നും രണ്ടിൽ കൂടുതൽ സർവിസ് നടത്തുന്നുണ്ട്. സ്ഥിരമായി യാത്ര ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും മറ്റുള്ളവർക്കും വേണ്ടിയാണ് ബോണ്ട്‌ സർവീസ്. സീറ്റ്‌ ബുക്ക്‌ ചെയ്യുന്നവർക്ക് ട്രാവൽ കാർഡ് ലഭിക്കും. 5,10, 15,20,25 ദിവസങ്ങൾ യാത്ര ചെയ്യാനുള്ള കാർഡുകളാണിത്. കാർഡ് എടുക്കുന്നവർക്ക് യാത്ര നിരക്കിൽ ഇളവുണ്ട്. യാത്രക്കാർക്ക് സ്ഥിരം സീറ്റ്‌ ലഭിക്കും. കൂടാതെ ഇവരുടെ വാഹനങ്ങൾ പാർക്ക്‌ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഓരോ യാത്രയിലും കൊവിഡ് മാനദണ്ഡം പാലിച്ചു ബസുകൾ സാനിറ്റൈസ് ചെയ്യും. കുറഞ്ഞത് മുപ്പത് സ്ഥിര യാത്രക്കാർ ഉണ്ടെങ്കിൽ ബോണ്ട് സർവീസ് അനുവദിക്കും. യാത്രക്കാരുടെ ലഭ്യത അനുസരിച്ച് ജില്ലയിലെ വിവിധ ഓഫിസുകളിലേക്കാണ് സർവിസ് അനുവദിക്കുന്നത്. ട്രാവൽ കാർഡ് ആവശ്യമുള്ളവർ വിവിധ ഡിപ്പോകളുമായി ബന്ധപ്പെടണം.