
പാലോട്: സിംഹം, പുലി, കടുവ, ജിറാഫ്, കാണ്ടാമൃഗം തുടങ്ങിയ വന്യമൃഗങ്ങൾ, കുട്ടികൾക്ക് പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങൾ എന്നിവ ഉൾപ്പെടുത്തിയ ചുവർചിത്രീകരണം. പറഞ്ഞു വരുന്നത് പാലോട് പേരക്കുഴി ഗവ. എൽ.പി.എസിൽ രൂപം കൊള്ളുന്ന മാതൃകാ പ്രീ പ്രൈമറി ക്ലാസ് മുറികളെ കുറിച്ചാണ്. സർവശിക്ഷാ കേരളം പദ്ധതിയിൽ നിന്നും അനുവദിച്ച ഇരുപത്തി അയ്യായിരം രൂപയും സ്കൂൾ വികസന സമിതിയും ചേർന്നാണ് പ്രീ പ്രൈമറി വിഭാഗം നവീകരിക്കുന്നത്. വായന, നാടകം, ചിത്രരചന, ശാസ്ത്രം, സംഗീതം എന്നിവയ്ക്ക് ഓരോ മൂലകൾ നൽകിയിട്ടുണ്ട്. ഇതിന് അനുയോജ്യമായ ഉപകരണങ്ങൾ നിർമ്മിച്ച് ഇവിടെ പ്രദർശിപ്പിക്കും. ചിത്രകാരന്മാരായ നെടുമങ്ങാട് കിളിയൻ, പാളയം രജീഷ്, പൂജപ്പുര അനിൽകുമാർ, പാളയം മോനൂട്ടൻ എന്നീ കലാകാരൻമാരാണ് മുറികളിൽ ചിത്രരചന നടത്തുന്നത്. സ്കൂൾ പരിസരം പൂന്തോട്ടമാക്കാനുള്ള പ്രവർത്തനവും ഇതോടൊപ്പം നടക്കുന്നുണ്ട്. ഇതിനായി പൂർവ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ചെടിച്ചട്ടികൾ നിർമ്മിച്ച് തുടങ്ങി. സ്കൂൾ തുറക്കുമ്പോൾ അതിശയിപ്പിക്കുന്ന മാറ്റങ്ങൾ കൊണ്ടുവരാനാണ് ശ്രമമെന്ന് സംസ്ഥാന സർക്കാരിന്റെ അദ്ധ്യാപക അവാർഡ് ജേതാവും സ്കൂളിന്റെ പ്രഥമാദ്ധ്യാപകനുമായ കെ. സ്വാമിനാഥൻ പറഞ്ഞു.