1

പൂവാർ: വൈഷ്‌ണവിന് ഓൺലൈൻ ക്ലാസുകൾ നേരിട്ട് കാണിക്കാൻ ജിസാമേരി ടീച്ചറെത്തും. ജീവിതത്തോടും പ്രതികൂല സാഹചര്യങ്ങളോടും പോരാടി ജീവിതത്തിലേക്ക് കാൽവയ്‌ക്കുന്ന 10 വയസുകാരനാണ് വൈഷ്ണവ്. ജനിച്ച് എട്ടാം മാസം വൈഷ്‌ണവിന് സെറിബ്രൽ പാഴ്സി രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി. തുടർന്ന് മെഡിക്കൽ കോളേജിൽ ദീർഷനാളത്തെ ചികിത്സ. തുടർന്ന് ഫിസിയോ തെറാപ്പി നൽകി. പരിമിത സൗകര്യങ്ങളിൽ നടന്ന് പരിശീലിക്കാനുള്ള സൗകര്യവും വീട്ടിലൊരുക്കി. എങ്കിലും വൈഷ്‌ണവിന്റെ സ്‌കൂളിൽ പോകണമെന്ന മോഹം യാഥാർത്ഥ്യമായില്ല. വീടിന് സമീപത്തെ സ്‌കൂളിൽ പ്രവേശനം നേടിയെങ്കിലും കൊവിഡ് അവിടെയും വില്ലനായെത്തി. വിദ്യാർത്ഥികളാകെ പഠനം ഓൺലൈനിലേക്ക് മാറ്റിയപ്പോൾ സമഗ്ര ശിക്ഷ കേരള നെയ്യാറ്റിൻകര ബ്ലോക്ക് റിസോഴ്‌സ് സെന്ററിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ സെൽവൻ പഠനോപകരണങ്ങളുമായി വീട്ടിലെത്തി വൈഷ്ണവിന് പാഠങ്ങൾ പകർന്ന് നൽകാൻ തുടങ്ങി. കൈയിലുള്ള ടാബിന്റെ സ്ക്രീനിൽ ചിത്രങ്ങളും ശബ്ദവും മിന്നിമറയുമ്പോൾ വൈഷ്ണവിന് ആഹ്ളാദമാകും. ഓൺലൈൻ പഠനകാലം വൈഷ്ണവിന് അതിജീവനത്തിന്റെ കാലം കൂടിയാക്കി മാറ്റുകയാണ് അദ്ധ്യാപകർ.