under-passage

കൊയിലാണ്ടി: അരക്കോടിയിലേറെ രൂപ ചെലവിട്ട് നിർമ്മിച്ചെങ്കിലും ബപ്പൻകാട് റെയിൽവേ അണ്ടർപാസേജ് ജനങ്ങൾക്ക് ഉപകാരപ്പെടുന്നില്ല. മഴക്കാലത്ത് ആറുമാസവും വെള്ളത്തിലാകുന്നതോടെ വേനൽക്കാലത്ത് മാത്രമേ ഈ വഴി ഉപകരിക്കുന്നുള്ളൂ. നിർമ്മാണത്തിലെ അപാകത കാരണം ഒരു മീറ്റർ ഉയരത്തിലാണ് വെള്ളം നിറയുന്നത്. ഇതിനോട് ചേർന്ന് കിണർ പണിതിരുന്നു. മഴയിൽ പാതയിലുണ്ടാകുന്ന വെള്ളം മാറ്റാനായിരുന്നു ഇത്. എന്നാൽ കിണറിലെ ഉറവ കാരണം കിണർ എപ്പോഴും നിറഞ്ഞ നിലയിലാണ്. സ്ഥലത്തിന്റെ പ്രത്യേകത അറിയാതെയുള്ള നിർമ്മാണമാണ് പ്രശ്നമായത്.
നേരത്തെ ഉണ്ടായിരുന്ന റെയിൽവേ ഗേറ്റ് പോലും ഇതു വന്നതോടെ ഒഴിവാക്കിയിരുന്നു.

നേരത്തെ കോതമംഗലം മണമൽ ഭാഗത്ത് നിന്നും നഗരത്തിലേക്ക് വരാൻ നാട്ടുകാർ ഒരു കിലോ മീറ്ററിലധികം യാത്ര ചെയ്യേണ്ടി വന്നിരുന്നു. തുടർന്നാണ് അണ്ടർ പാസേജ് നിർമ്മിച്ചത്. ഇപ്പോൾ മഴക്കാലത്ത് ആളുകൾ റെയിൽവേ പാളം മുറിച്ച് കടക്കുന്നത് അപകടം വിളിച്ച് വരുത്തും. പൈമറി സ്‌കൂൾ, നഗരസഭാ കാര്യാലയം, ആരാധനാലയം, ആശുപത്രി തുടങ്ങിയവ സമീപത്തുണ്ട്.
വെള്ളക്കെട്ട് ഒഴിവാക്കാൻ നഗരസഭ മോട്ടോർ വെച്ച് വെള്ളം പുറത്തു കളയും. പക്ഷെ, മിനുട്ടുകൾക്കകം വെള്ളം നിറയും. ഈ മഴക്കാലത്ത് ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് അണ്ടർ പാസേജ് ഉപയോഗിക്കാൻ കഴിഞ്ഞത്. ഇതിന്റെ നിർമ്മാണത്തിൽ നഗരസഭയ്ക്ക് ഒരു പങ്കുമില്ലെന്ന് ചെയർമാൻ കെ. സത്യൻ പറഞ്ഞു.