
കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി യു.ഡി.എഫ് ഉഭയകക്ഷി ചർച്ച ആരംഭിച്ചു. കണ്ണൂർ കോർപ്പറേഷനിൽ മേയർ സ്ഥാനാർത്ഥിയാകാൻ നാല് പേരുകളാണ് മുന്നണി കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നു വരുന്നത്. ജില്ലയിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ മാർട്ടിൻ ജോർജിന്റെ പേരിനാണ് മുന്തിയ പരിഗണന. നിലവിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും കെ.പി.സി.സി അംഗവുമായ ടി.ഒ. മോഹനൻ, നിലവിൽ ഡപ്യൂട്ടി മേയറായ പി.കെ. രാഗേഷ്, കെ.പി.സി.സി അംഗം കെ. പ്രമോദ് എന്നീ പേരുകളും മേയർ സ്ഥാനാർത്ഥിയായി ഉയർന്നു വരുന്നുണ്ട്.
രാഗേഷിന്റെ പിന്തുണയിലായിരുന്നു മൂന്നര വർഷം എൽ.ഡി.എഫ് കോർപ്പറേഷൻ ഭരിച്ചിരുന്നത്. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ എം.പിയുടെ ഇടപെടലിനെ തുടർന്ന് രാഗേഷിനെ പാർട്ടിയിലേക്ക് തിരിച്ചുകൊണ്ടു വന്നാണ് യു.ഡി.എഫ് കോർപ്പറേഷൻ ഭരണം തിരിച്ചുപിടിച്ചത്.
രാഗേഷ് നിരുപാധികമാണ് പാർട്ടിയിലേക്ക് തിരിച്ചുവന്നത് എന്നതിനാൽ രാഗേഷിനെ മേയർ സ്ഥാനാർത്ഥിയാക്കാൻ പരിഗണിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാൻ കഴിയില്ല. മാത്രമല്ല, രാഗേഷിന് നിലവിൽ വലിയ പാർട്ടി പദവികളൊന്നും നൽകിയിട്ടുമില്ല. കോർപ്പറേഷൻ ഭരണ അനുഭവ സമ്പത്ത് നോക്കുമ്പോൾ രാഗേഷിനെയും ടി.ഒ. മോഹനനും തുല്യ അംഗീകാരമാണ് ലഭിക്കുക. 55 ഡിവിഷനുകളാണ് കണ്ണൂർ കോർപ്പറേഷനിലുള്ളത്. നിലവിൽ ഒറ്റ കക്ഷിയുടെ പിൻബലം മാത്രമാണ് ഭരണ കക്ഷിക്കുള്ളത്.
ഘടകകക്ഷി നേതാക്കളുമായുള്ള ചർച്ച കോൺഗ്രസ് ആരംഭിച്ചു. മുസ്ലീം ലീഗുമായുള്ള ഉഭയകക്ഷി ചർച്ച നടന്നിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മികച്ച വിജയം നേടാൻ ലക്ഷ്യമിട്ട് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് ചർച്ചയിൽ ധാരണയായി. കോർപ്പറേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചകളും തീരുമാനങ്ങളും കോർപ്പറേഷനിലെ കക്ഷി നേതാക്കളെ ഉൾപ്പെടുത്തി സബ് കമ്മിറ്റിയുമായി ചർച്ച നടത്തിയുണ്ടാകും.
യോഗത്തിൽ കെ. സുധാകരൻ എം.പി, കെ.സി. ജോസഫ് എം.എൽ.എ, കെ.എം ഷാജി എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, യു ഡി.എഫ് ജില്ലാ ചെയർമാൻ പ്രൊഫ. എ.ഡി മുസ്തഫ, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുൽ ഖാദർ മൗലവി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്, പി. കുഞ്ഞഹമ്മദ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ വി.എ നാരായണൻ, മാർട്ടിൻ ജോർജ്ജ്, അഡ്വ. സോണി സെബാസ്റ്റ്യൻ, സജീവ് മാറോളി, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി, വി.പി വമ്പൻ തുടങ്ങിയവർ പങ്കെടുത്തു.
കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് 40 സീറ്റുകൾ നേടും. വിജയ സാദ്ധ്യതയുള്ളവരെ മാത്രമേ മത്സരിപ്പിക്കൂ. തിരഞ്ഞെടുപ്പിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി
സതീശൻ പാച്ചേനി,
ഡി.സി.സി പ്രസിഡന്റ്