
കണ്ണൂർ: ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടിക്ക് പാർട്ടി ചുമതല ഒരാഴ്ചയ്ക്കുള്ളിൽ നൽകുമെന്ന് സൂചന. സി.പി.എം വിട്ട് കോൺഗ്രസിലും കോൺഗ്രസ് വിട്ട് ബി.ജെ.പിയിലും എത്തിയ അബ്ദുള്ളക്കുട്ടിക്ക് പാർട്ടി നൽകിയ വലിയ അംഗീകാരമാണ് ദേശീയ ഉപാദ്ധ്യക്ഷൻ പദവി. ദക്ഷിണേന്ത്യയിൽ പാർട്ടി വളർത്താനുള്ള ചുമതല അബ്ദുള്ളക്കുട്ടിക്ക് നൽകുമെന്നാണ് ബി.ജെ.പി കേന്ദ്രങ്ങൾ നൽകുന്ന സൂചന.
കർണാടക നേതാക്കളുമായി അബ്ദുള്ളക്കുട്ടിക്കുള്ള ബന്ധം പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ദക്ഷിണേന്ത്യയിൽ കർണാടക, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ കർണാടകയിൽ മാത്രമാണ് ബി.ജെ.പി അധികാരത്തിലുള്ളത്. ടിപ്പു സുൽത്താന്റെ രാജ്യസ്‌നേഹം ചോദ്യം ചെയ്ത വിഷയത്താൽ ന്യൂനപക്ഷ സമുദായങ്ങൾ കർണാടകയിൽ സംഘ് പരിവാറുമായി അകൽച്ചയിലാണ്. ഈ സാഹചര്യത്തിൽ അബ്ദുള്ളക്കുട്ടിയെ മുൻനിർത്തി രാഷ്ട്രീയ പ്രചാരണം നടത്തുക എന്നതാണ് നേതൃത്വത്തിന്റെ അജണ്ട.
ഇതിലൂടെ മുസ്ലീം ന്യൂനപക്ഷത്തെ പാർട്ടിയുമായി അടുപ്പിക്കുക എന്നതാണ് ലക്ഷ്യം. നിയമസഭാ തെരഞ്ഞെടുപ്പ് നേരിടുന്ന കേരളത്തിലും തമിഴ്‌നാട്ടിലും സംഘടനാ സംവിധാനമുണ്ടെങ്കിലും മോഡിയുടെ വികസന ഇമേജ് വോട്ടായി മാറുന്നില്ല. ഈ രണ്ടു സംസ്ഥാനങ്ങളിലെയും സംഘടനാ വളർച്ച അബ്ദുള്ളക്കുട്ടിക്കു മുന്നിൽ വെല്ലുവിളിയുയർത്തുന്ന ഘടകമാണ്.
മംഗളൂരിനടുത്തെ ഉള്ളാളിൽ കോൺഗ്രസ് എം.എൽ.എയായ യു.ടി ഖാദർ കോൺഗ്രസിന്റെ ജനസ്വാധീനമുള്ള ന്യൂനപക്ഷ നേതാക്കളിലൊരാളാണ്. യു.ടി ഖാദറിന്റെ വ്യക്തിപ്രഭാവം ദക്ഷിണ കാനറയിൽ ബി.ജെ.പിക്ക് ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇതു കൂടാതെ ടിപ്പു സുൽത്താനെതിരെ ബി.ജെ.പി നടത്തുന്ന പ്രചാരണം ന്യൂനപക്ഷങ്ങളെ സംഘപരിവാറിൽ നിന്നും അകറ്റിയിട്ടുമുണ്ട്. അബ്ദുള്ളക്കുട്ടിക്ക് നൽകിയ ദേശീയ പദവി ഈ അകൽച്ച കുറച്ചു കൊണ്ടുവരാനും ബി.ജെ.പി ലക്ഷ്യമിടുന്നുണ്ട്. ന്യൂനപക്ഷ വോട്ടുകൾക്ക് നിർണായക സ്വാധീനമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ജോർജ് കുര്യൻ, അൽഫോൺസ് കണ്ണന്താനം എന്നിവരിലുടെ ക്രിസ്ത്യൻ സമുദായങ്ങളിൽ സ്വാധീനമുറപ്പിക്കാൻ ബി.ജെ.പി നേരത്തെ ശ്രമിച്ചിരുന്നുവെങ്കിലും അതു ഫലപ്രാപ്തി കണ്ടിരുന്നില്ല.
ബി.ജെ.പി ദേശീയ നേതൃത്വത്തിലെത്തിയ അബ്ദുള്ളക്കുട്ടിക്കെതിരെ അതിരൂക്ഷമായ സൈബർ അക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. മലപ്പുറം സംഭവത്തിന് ശേഷം അബ്ദുള്ളക്കുട്ടിക്കു പാർട്ടി സുരക്ഷയേർപ്പെടുത്തുന്ന കാര്യവും ആലോചിക്കുന്നുണ്ട്. നിലവിൽ അദ്ദേഹം താമസിക്കുന്ന കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിൽ പൊലിസ് സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്.
പാർട്ടി ചുമതലയെ കുറിച്ച് തനിക്ക് ഒന്നും അറിയില്ല. പ്രഖ്യാപനം വന്നാൽ മാത്രമെ അറിയൂ
അബ്ദുള്ളക്കുട്ടി
ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ