drive

വാഹനാപകടത്തിൽപ്പെട്ട് ദിവസേന എത്രയോ ജീവനുകളാണ് കേരളത്തിലെ നിരത്തുകളിൽ അകാലത്തിൽ പൊലിയുന്നത്. അപകടമരണത്തേക്കാൾ ഭീതിപ്പെടുത്തുന്നതാണ് ജീവിച്ചിരിക്കുന്ന പലരുടെയും അവസ്ഥ. സ്വന്തം ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അവബോധമുണ്ടെങ്കിൽ ഒരു പരിധിവരെ റോഡപകടങ്ങൾ ഒഴിവാക്കാനാകും.

വാഹനങ്ങളുടെ ഹൈ ബീം ലൈറ്റുകൾ എതിരെ വരുന്ന ഡ്രൈവർക്കുണ്ടാക്കുന്ന അപകടസാദ്ധ്യത പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല. കാഴ്ചശക്തി, ഉപയോഗിച്ചിരിക്കുന്ന കണ്ണടയുടെ പ്രത്യേകത, കണ്ണിലെ ഡ്രൈനസ് അഥവ വരൾച്ച എന്നിവയ്ക്കനുസരിച്ച് പ്രയാസങ്ങൾക്ക് ഏറ്റക്കുറച്ചിൽ അനുഭവപ്പെടുമെന്നതിനാൽ ഇക്കാര്യത്തിൽ പരമാവധി ശ്രദ്ധ വേണം.

തിമിരം ബാധിച്ചവരിൽ കാഴ്ചയ്ക്ക് ബുദ്ധിമുട്ടുണ്ടാകും. കാഴ്ചശക്തി പരിശോധിച്ച് ശരിയായ കണ്ണട ഉപയോഗിക്കാത്തവർക്കും ഡ്രൈവിംഗ് ആയാസകരമായിരിക്കും.

പുതുതായി കണ്ണടവച്ചവർക്ക് കുറച്ചുദിവസത്തേക്ക് കാഴ്ച സംബന്ധമായ പ്രയാസങ്ങൾ കൂടുതലായിരിക്കും. പ്രത്യേകിച്ച്, പ്രതലങ്ങളുടെ ഉയർച്ച താഴ്ചകൾ മനസിലാക്കിയെടുക്കാൻ താമസമെടുക്കും. പടികൾ കയറാനും ഇറങ്ങാനും പ്രയാസപ്പെടുന്നത് പോലെ ഡ്രൈവിംഗിനെയും ഇത് സാരമായി ബാധിക്കാം. കണ്ണ് പരിശോധനയ്ക്കായി കൃഷ്ണമണി വികസിപ്പിക്കുന്ന മരുന്നുകൾ ഉപയോഗിച്ചവർ അതുകാരണമുള്ള ബുദ്ധിമുട്ട് മാറുംവരെ ഡ്രൈവ് ചെയ്യരുത്.

ചിലതരം നേത്രരോഗമുള്ളവർ ഒരു കുഴലിൽ കൂടി നോക്കിയാൽ കിട്ടുന്നത്ര കാഴ്ച മാത്രമേ ലഭിക്കുകയുള്ളൂ. വശങ്ങളിലെ കാഴ്ച കിട്ടണമെന്നില്ല.

റെഡ് ഗ്രീൻ ബ്ലൈന്റ്നെസുള്ള ഡ്രൈവർമാർക്ക് ചുവപ്പും പച്ചയും നിറങ്ങൾ ശരിയായി മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാകും. ചില രാജ്യങ്ങളിൽ ഇത്തരക്കാർക്ക് വാഹനമോടിക്കാനുള്ള ലൈസൻസ് നൽകാറില്ല.

അലർജി, തുമ്മൽ, ചുമ, ജലദോഷം തുടങ്ങിയ ബുദ്ധിമുട്ടുകൾക്ക് കഴിക്കുന്ന മരുന്നുകൾ ഉറക്കവും ക്ഷീണവും ഉണ്ടാക്കും. അത്തരം ആൾക്കാരും ഉറക്കം കിട്ടാൻ മറ്റുമരുന്നുകൾ കഴിച്ചവരും അവശ്യസന്ദർഭങ്ങളിൽ പോലും മരുന്നിന്റെ വീര്യം മാറാതെ ഡ്രൈവ് ചെയ്യരുത്.

പൊലീസിനെ ഭയന്നിട്ടല്ല ഡ്രൈവ് ചെയ്യുമ്പോൾ മദ്യം ഉപേക്ഷിക്കേണ്ടത്. മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് ശരിയായി കാണാനോ, പെട്ടെന്ന് കൃത്യമായി തീരുമാനമെടുക്കുന്നതിനോ അതിനനുസരിച്ച് വാഹനം നിയന്ത്രിക്കുന്നതിനോ കഴിഞ്ഞെന്നുവരില്ല.

മൈഗ്രേൻ ഉള്ളവർക്ക് ശക്തമായ പ്രകാശവും ശബ്ദവും അസഹ്യമായ ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം. ചിലപ്പോൾ ഇല്ലാത്ത വസ്തുക്കൾ പോലും പ്രകാശിക്കുന്നതായി തോന്നുകയോ മറ്റു വാഹനങ്ങളായി തെറ്റിദ്ധരിക്കുകയോ ചെയ്യാം.

പെട്ടെന്ന് തിരിക്കുമ്പോൾ കഴുത്ത് കൊളുത്തിവലിക്കുക, നടു മുതൽ പാദം വരെ പെരുത്തും മരവിച്ചും ഇരിക്കുക, കാൽവണ്ണ ഉരുണ്ടു കയറുക എന്നീ ബുദ്ധിമുട്ടുകൾ ഉള്ളവർക്കും ഡ്രൈവിംഗ് സുഖകരമാവില്ല.

കഴുത്ത് തേയ്മാനം ഉള്ളവർക്ക് പിറകിലേക്ക് തിരിഞ്ഞു നോക്കേണ്ട സന്ദർഭങ്ങളിൽ കൈകളിലേക്കുള്ള മരവിപ്പ് വർദ്ധിക്കുകയോ തലകറക്കം ഉണ്ടാക്കുകയോ ചെയ്യാം.

ഏതു കാരണം കൊണ്ടുള്ള തലചുറ്റലുള്ളവരായാലും വാഹനം പിറകിലേക്ക് എടുക്കുമ്പോൾ വശങ്ങളിലേക്ക് നോക്കുന്നതിനും പ്രയാസമേറും. തലചുറ്റൽ വർദ്ധിക്കുകയും ചെയ്യും.

നെഞ്ചുവേദന അനുഭവപ്പെടുന്നവരെ വളരെ സൂക്ഷ്മതയോടെവേണം ഡ്രൈവിംഗ് സീറ്റിൽ നിന്ന് മാറ്റാൻ. വിളർച്ച രോഗം ബാധിച്ചവർക്കും ക്ഷീണം കൂടുതലുള്ളവർക്കും ചെവിയിൽ കൊട്ടുന്നത് പോലെയോ, മൂളുന്ന ശബ്ദം കേൾക്കുന്നത് പോലെയോ,ചെവി ഇടയ്ക്കിടയ്ക്ക് അടയുന്നതുപോലെയോ അനുഭവപ്പെടാവുന്നതിനാൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.

പ്രമേഹരോഗികൾ പ്രത്യേകം ശ്രദ്ധിക്കണം

പ്രമേഹരോഗികൾക്ക് രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടിയാലും കുറഞ്ഞാലും ഏകാഗ്രത നഷ്ടപ്പെടുന്നത് കാരണം ഡ്രൈവിംഗ് ബുദ്ധിമുട്ടാവും. രക്തസമ്മർദ്ദം കൂടിയാലും കുറഞ്ഞാലും ഉറക്കം തൂങ്ങുകയും അപകടമുണ്ടാകുകയും ചെയ്യാം.

യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ തോന്നുന്നവർ തല പുറത്തേക്കിടാതെ ശ്രദ്ധിക്കണം. യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കുന്നവർ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണം.

ഏതെങ്കിലും സാഹചര്യത്തിൽ ബുദ്ധിമുട്ടിലാകുന്ന ഡ്രൈവറെ ഹോണടിച്ചും പുലഭ്യംപറഞ്ഞും സമ്മർദ്ദത്തിലാക്കാതെ സാവകാശം നൽകാൻ മറ്റുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. അമിതമായ ടെൻഷൻ അപകടങ്ങൾ വർദ്ധിപ്പിക്കുകയേയുള്ളൂ.

പാന്റ്സിന്റെ പിറകിലെ പോക്കറ്റിൽ പഴ്സ് മുതലായവ തിരുകി അമർന്നിരിക്കാതെയുള്ള വാഹനഒാടിക്കൽ നടുവേദനയെക്ഷണിച്ചു വരുത്തും.

മറ്റുള്ള വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ ഇരുചക്രവാഹനക്കാർ സൗകര്യമൊരുക്കി കൊടുക്കുകയാണ് നല്ലത്. മറ്റ് വലിയ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് റോഡിലെ കാഴ്ചകൾ പൂർണ്ണമായും ലഭിക്കുന്നതിന് പല പരിമിതികളുമുണ്ട് എന്ന് മനസ്സിലാക്കുക.

പെർഫ്യൂമും ഏ.സിയും

വാഹനത്തിലെ പെർഫ്യൂമുകൾ അലർജി ഉണ്ടാക്കാത്തതും സീറ്റ് കവറുകളും ഫ്ലോർ മാറ്റുകളും പൊടിയില്ലാത്തവയുമാണെന്ന് ഉറപ്പാക്കുക. പ്രത്യേകിച്ചും വിവിധ തരത്തിലുള്ള അലർജി രോഗമുള്ളവർ.

ശ്വാസ, കാസ രോഗമുള്ളവർ വാഹനപുക ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇടുങ്ങിയ റോഡുകളിലും മറ്റു വാഹനങ്ങളാൽ തിരക്കേറിയ റോഡുകളിലും
പുക ഏൽക്കുവാനുള്ള സാദ്ധ്യതകൾ ഒഴിവാക്കുക. പുക അലർജി രോഗങ്ങളെ വർദ്ധിപ്പിക്കും.

എയർ കണ്ടീഷണർ ആവശ്യമുള്ളത്ര തണുപ്പ് ലഭിക്കുന്ന രീതിയിൽ സെറ്റ് ചെയ്യുക. അതും ശീലത്തിനനുസരിച്ച് പരിമിതപ്പെടുത്തുക. ശക്തമായ വേദന പ്രത്യേകിച്ചും മുട്ടുവേദനയുള്ളപ്പോൾ ഉദ്ദേശിക്കുന്ന വിധത്തിലും പരിചിതമായ രീതിയിലും വാഹനമോടിക്കാൻ കഴിയണമെന്നില്ല.