
തിരുവനന്തപുരം: മുന്നണി മാറ്റാൻ ജോസ് കെ. മാണിയെ അഴിമതിക്കേസുകൾ വച്ച് ഇടതുമുന്നണി ബ്ലാക്ക്‌മെയിൽ ചെയ്‌തെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആരോപിച്ചു. കെ.എം. മാണിയുടെ വീട്ടിൽ നോട്ടെണ്ണൽ യന്ത്രമുണ്ടെന്ന് പറഞ്ഞ് സമരം ചെയ്തയാളാണ് പിണറായി വിജയൻ. ഇപ്പോൾ നോട്ടെണ്ണൽ യന്ത്രം ആവശ്യമായതുകൊണ്ടാണോ കേരളാകോൺഗ്രസ് ഇടതുമുന്നണിയിലെത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. പാലാരിവട്ടം കേസ് ഉൾപ്പെടെയുള്ള അഴിമതിക്കേസുകളും അട്ടിമറിച്ച് മുസ്ലിംലീഗിനെ ഇടതുമുന്നണിയിൽ ചേർക്കുന്നത് ഇനി എന്നാണെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. ബാർക്കോഴ കേസ് തേയ്ച്ചുമായ്ച്ചു കളയാനാവില്ല. കേരളകോൺഗ്രസ് പോയതോടെ മദ്ധ്യകേരളത്തിലും മദ്ധ്യതിരുവിതാംകൂറിലും യു.ഡി.എഫ് ദുർബലമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇവിടെ മത്സരം ഇടതുമുന്നണിയും എൻ.ഡി.എയും തമ്മിലായിരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.