khushbu

കോൺഗ്രസിൽ നിന്നും ബി.ജെ.പിയിൽ എത്തിയതിനു പിറകെ കോൺഗ്രസിനെതിരെ വിമർശന ശരങ്ങൾ ഓരോന്നായി തൊടുത്തു വിടുകയാണ് കുറച്ചുകാലം തമിഴകത്തിന്റെ താരറാണിയായിരുന്ന ഖുശ്ബു. ഈ മറാഠി സുന്ദരി കോൺഗ്രസിലായിരുന്നപ്പോൾ പറഞ്ഞതിന്റെ നേരെ വിപരീത ഡയലോഗുകൾ പറയുമ്പോൾ മൂക്കത്ത് വിരൽ വയ്‌ക്കുന്നത് തമിഴകത്ത് ഇവർക്ക് സ്തുതിപാടി നടന്നവരാണ്.

സ്ത്രീകളെ കോൺഗ്രസ് പാർട്ടിക്ക് ആവശ്യമില്ലെന്നും പാർട്ടിക്കുള്ളിൽ സത്യം പറയാനുള്ള സ്വാതന്ത്ര്യമില്ലെന്നും ഖുശ്ബു ഇപ്പോൾ തുറന്നടിച്ചു. എന്തൊക്കെയായാലും ബി.ജെ.പിയിൽ നിന്നും കനത്ത ഓഫർ കിട്ടിയിട്ടാണ് ഖുശ്ബു അങ്ങോട്ടു ചാടിയതെന്നാണ് അണിയറ സംസാരം. നേരത്തെ കോൺഗ്രസ് പ്രവേശനം സംബന്ധിച്ച് വാർത്ത നൽകിയ മാദ്ധ്യമ പ്രവർത്തകരെ പരിഹസിച്ച ഖുശ്ബു അവരുടെ പ്രവ‌ചനം അനുസരിച്ചാണ് പിന്നീട് പ്രവർത്തിച്ചത്. മുമ്പ് പറഞ്ഞതൊക്കെ വിഴുങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് താരം ഇപ്പോൾ.

എന്തായാലും അടുത്ത വ‌ർഷം നടക്കുന്ന തമിഴ്നാട് നിയമസഭാ തിര‌ഞ്ഞെടുപ്പിൽ ഖുശ്ബുവിനെ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. തിരഞ്ഞടുപ്പിൽ തോറ്റാലും ഒരു സുപ്രധാന സ്ഥാനം ലഭിക്കും. ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് എ.ഐ.സി.സി വക്താവു കൂടിയായിരുന്ന ഖുശ്ബു കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേക്കേറിയത്.. ദേശീയ വനിതാ കമ്മിഷൻ ചെയർപേഴ്സൺ, രാജ്യസഭാ എം.പി എന്നിവയിൽ ഏതെങ്കിലും ഒന്ന് ഖുശ്ബുവിന് ലഭിച്ചേക്കുമെന്നാണ് ബി.ജെ.പി തമിഴ്നാട് ഘടകം നൽകുന്ന സൂചന.

ബി.ജെ.പി തമിഴ്നാട് ഘടകം പ്രസിഡന്റായിരുന്ന തമിഴ്ഇസൈ സൗന്ദർരാജൻ തെലങ്കാന ഗവർണറായതിനെ തുടർന്ന് പാർട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയ എൽ. മുരുകൻ ബി.ജെ.പി പാളയത്തിലേക്ക് എത്തിക്കുന്ന മൂന്നാമത്തെ പ്രമുഖ നടിയാണ് ഖുശ്ബു. നേരത്തെ ഗൗതമി,​ നമിത എന്നിവരെ പാർട്ടിയിൽ ചേർത്തിരുന്നു.ഗൗതമി സംസ്ഥാന കമ്മിറ്റി അംഗവുമാണ്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങിയ ഖുശ്ബുവിനെ കോൺഗ്രസ് സംസ്ഥാന ഘടകം തഴഞ്ഞതോടെയാണ് അവർ പാർട്ടിയിൽ നിന്ന് അകന്നു തുടങ്ങിയത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഖുശ്ബുവിന് സീറ്റ് നൽകിയിരുന്നില്ല. 2019ൽ കൃഷ്ണഗിരി മണ്ഡലത്തിൽ പ്രവർത്തകർ ഖുശ്ബുവിനു വേണ്ടി പോസ്റ്ററുകളും ഒട്ടിച്ചിരുന്നു. സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പ്രവർത്തനം നിറുത്തിയ ഖുശ്ബുവിനെ സമാധാനിപ്പിക്കാൻ നേതൃത്വം എ.ഐ.സി.സി ജനറൽ സെക്രട്ടറി സഞ്ജയ് ദത്തിനെ ചുമതലപ്പെടുത്തിയിരുന്നു. പക്ഷേ,​ തമിഴ്നാട്ടിൽ പ്രവർത്തിക്കില്ലെന്ന് നിലപാടെടുത്ത ഖുശ്ബു രാഹുൽഗാന്ധിക്കു വേണ്ടി പ്രവർത്തിക്കാൻ വയനാട്ടിൽ എത്തിയിരുന്നു. ഒടുവിൽ രാഹുൽഗാന്ധിയെ വരെ പരോക്ഷമായി. വിമർശിച്ചു. കേരളത്തിൽ അബ്ദുള്ളക്കുട്ടിക്കു കിട്ടിയതുപോലെ തമിഴനാട് സംസ്ഥാന കമ്മിറ്റിയിൽ നല്ലൊരു സ്ഥാനം ഖുശ്ബുവിന് ഉടൻ ലഭിക്കും.

2010ൽ ഡി.എം.കെയിലൂടെയാണ് ഖുശ്ബു രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. അവിടെ നിന്നും 2014ൽ കോൺഗ്രസിലെത്തി. ഇപ്പോൾ ബി.ജെ.പിയിലും. തമിഴ്നാട്ടിൽ അണ്ണാ ഡി.എം.കെ എൻ.ഡി.എ മുന്നണിയിലാണിപ്പോൾ. ശക്തമായ ഭരണവിരുദ്ധ വികാരം തമിഴ്നാട്ടി നിലനില്‌ക്കെയാണ് അവർ ഭരണമുന്നണിയിലേക്ക് ചേക്കേറുന്നത്. നേരത്തെ പറഞ്ഞതൊക്കെ വിഴുങ്ങി ഇപ്പോൾ കോൺഗ്രസിനെതിരെ ആഞ്ഞടിക്കുമ്പോൾ അത് എത്രത്തോളം വിലപ്പോകുമെന്ന് കണ്ടുതന്നെ അറിയണം.

ഖുശ്ബു മൊഴികൾ

ഏപ്രിൽ 14, 2019

''ഈ തിരഞ്ഞെടുപ്പോടെ ബി.ജെ.പിയുടെ കഥ കഴിയും. വാജ്പേയിയുടെ കാലത്തെ ബി.ജെ.പിയല്ല ഇപ്പോഴത്തേത്. ഇപ്പോളത് കള്ളം പറയുന്നവരുടെ കൂട്ടമായി മാറി. നേരു പുലരണമെങ്കിൽ കോൺഗ്രസ് ഭരണം വരണം.

സെപ്തംബർ 12, 2020

''കാര്യങ്ങൾ ശരിയായി മനസിലാക്കാൻ വൈകി. നരേന്ദ്രമോദിയുടെ നേതൃത്വമാണ് രാജ്യത്തിനാവശ്യം. കോൺഗ്രസ് ആത്മാർത്ഥമായി പ്രവർത്തിക്കുന്നവരെ ഒതുക്കുന്നു''-

തമിഴകം കീഴടക്കിയ

മറുനാടൻ സുന്ദരി

തമിഴകം കീഴടക്കിയ മറ്റ് പല നടികളേയും പോലെ ഖുശ്ബുവും തമിഴ്നാട്ടുകാരിയല്ല. മുംബയ് സ്വദേശിയായ ഖുശ്ബുവിന്റെ യഥാർത്ഥ പേര് നഹത്ഖാൻ. തമിഴ് സംവിധായകനും നടനുമായ സുന്ദർ.സിയാണ് ഭർത്താവ്. 1980ൽ ബാലതാരമായി ബോളിവുഡിൽ അരങ്ങേറിയ ഖുശ്ബുവിന്റെ ജാതകം തെളിഞ്ഞത് തമിഴ് സിനിമകളിലൂടെ. തിരിച്ചിറപ്പള്ളിയിൽ ആരാധകർ ഖുശ്ബുവിന് അമ്പലം പണികഴിപ്പിച്ചിട്ടുണ്ട്. ഖുശ്ബു എന്ന പേരിൽ ഇഡ്ഡലിയും സാരിയും തമിഴ്നാട്ടിൽ പ്രചാരത്തിലുണ്ട്.