banan

കൊച്ചി: യൂറോപ്യൻ പഴ വിപണിലെ താരമാകാൻ കേരള നേന്ത്രൻ. ഷിപ്പ്മെന്റ് പ്രോട്ടോകോൾ പ്രകാരം കേരള നാടൻ നേന്ത്രന് കപ്പൽ മാർഗം യൂറോപ്യൻ വിപണിയിലേക്കുള്ള വഴി തുറന്നു. 'സീ ഷിപ്പ്മെന്റ് പ്രോട്ടോകോൾ ഡവലപ്മെന്റ് ഫോർ നേന്ത്രൻ ബനാന ടൂ യൂറോപ്പ് ' എന്ന പദ്ധതിയിലൂടെ കേരളത്തിൽ നിന്ന് പ്രതിവർഷം 5000 മെട്രിക്ക് ടൺ നേന്ത്രപ്പഴം യൂറോപ്യൻ മാർക്കറ്റിൽ എത്തിക്കാനാണ് വെജിറ്രബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരള ലക്ഷ്യമിടുന്നത്. തുടക്കത്തിൽ 14 മെട്രിക്ക് ടൺ നേന്തപ്പഴമാണ് യൂറോപ്പിലെത്തും. സർക്കാർ സംവിധാനത്തിലൂടെ ആദ്യമായി നടപ്പാക്കുന്ന സംരംഭം വിഷുദിനത്തിൽ ആരംഭിക്കും. പദ്ധതിയിലൂടെ കർഷകർക്ക് നിലവിലെ ഉത്പന്നവിലയിൽ നിന്ന് 20 ശതമാനം അധിക വരുമാനം ലഭിക്കും. കയറ്റുമതി ചെലവ് കിലോഗ്രാമിന് നിലവിലെ വിലയായ 80-100 രൂപയിൽ നിന്ന് 10-15 രൂപയായി കുറയ്ക്കാനും സാധിക്കും.

കുലകൾ തൃശൂരിൽ നിന്ന്

കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ക‌ൃഷിവികാസ് യോജനയിൽ ഉൾപ്പെടുത്തി തൃശൂർ ജില്ലയിലെ തിരഞ്ഞെടുത്ത നേന്ത്രവാഴ കർഷകരിൽ നിന്നാണ് വാഴക്കുലകൾ ശേഖരിക്കുക. ട്രിച്ചി നാഷണൽ റിസർച്ച് സെന്റർ ഫോർ ബനാനയിലെ ശാസ്ത്രജ്ഞരാണ് കർഷകർക്കുള്ള സാങ്കേതിക ഉപദേശം നൽകുന്നത്. 85 ശതമാനം മൂപ്പെത്തിയ കുലകൾ തോട്ടത്തിൽ നിന്ന് തന്നെ പടലതിരിച്ച് ക്രെയ്റ്റുകളിലാക്കി പായ്ക് ചെയ്യുന്ന കേന്ദ്രത്തിൽ എത്തിക്കും. പടലകൾ കഴുകി ഈർപ്പം മാറ്റി വാക്വം പായ്ക്കറ്റിൽ കാർട്ടൻ ബോക്സിലാക്കിയാണ് കയറ്റുമതി ചെയ്യുന്നത്. ഇവ വിദേശരാജ്യത്ത് റെെപ്പനിംഗ് പ്രക്രിയയിലൂടെ പഴുപ്പിച്ചെടുത്താണ് സൂപ്പർ മാർക്കറ്രുക്കളിലൂടെ വിൽക്കുക. കേരളത്തിലെ പഴം പച്ചക്കറി വിപണി യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഈ പദ്ധതി വഴി വ്യാപിപ്പിക്കാനാണ് ശ്രമം. കേരളത്തിൽ നിന്ന് വിമാനങ്ങളിൽ നേന്ത്രക്കായ കയറ്റുമതി നടത്തുന്നുണ്ടെങ്കിലും കപ്പർമാർഗം ആദ്യമാണ്.

ന്യായവില ഉറപ്പ്

കയറ്റുമതി ചിലവ് ഗണ്യമായി കുറയ്ക്കാനും കർഷകർക്ക് ന്യായവില ഉറപ്പാക്കാനും വിദേശ രാജ്യങ്ങളിൽ നേന്ത്രപ്പഴ വിപണി വിപുലീകരിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും.

ഡോ. ഷെറീഫ്

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ

വി.എഫ്.പി.സി.കെ