ummen-chandi

തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് വിഭാഗം ഇടതുമുന്നണിയിൽ ചേർന്നത് നിർഭാഗ്യകരമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. മാണിസാർ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ഇത്തരമൊരു തീരുമാനം എടുക്കുമായിരുന്നില്ല. ജനാധിപത്യ മതേതര വിശ്വാസികളായ അണികൾ തീരുമാനം അംഗീകരിക്കില്ല. കെ.എം. മാണിയെപ്പോലെ മറ്റൊരു നേതാവിനെയും സി.പി.എം ഇത്രയ്ക്ക് വേട്ടയാടിയിട്ടില്ല. നിയമസഭയിലും മറ്റും അദ്ദേഹത്തെ കായികമായിപ്പോലും തടഞ്ഞു. ആരോപണങ്ങളിൽ നിന്ന് അഗ്നിശുദ്ധി വരുത്തി പുറത്തുവരാൻ മാണിസാറിനൊപ്പം യു.ഡി.എഫ് നിന്നു. അതു വിസ്മരിച്ചെടുത്ത തീരുമാനം കേരളം സമീപകാലത്തുകണ്ട ഏറ്റവും വലിയ രാഷ്ട്രീയവഞ്ചനയാണ്. മാണിയുടെ ആത്മാവ് പൊറുക്കില്ല. മാണിക്കെതിരായ പ്രചാരണങ്ങളിൽ സത്യമില്ലെന്ന് അറിയാമായിരുന്നുവെന്നാണ് ഇടതുമുന്നണി ഇപ്പോൾ പറയുന്നത് രാഷ്ട്രീയപാപ്പരത്തമാണ്. സി.പി.എമ്മിന്റെ കക്ഷത്തിൽ തലവച്ചവരൊക്കെ പിന്നീട് ദുഃഖിച്ചിട്ടുണ്ട്. കെ.എം. മാണി പ്രധാന പങ്കുവഹിച്ച പദ്ധതികളെല്ലാം ഇടതുസർക്കാർ താറുമാറാക്കിയപ്പോഴാണ് ജോസ് അവിടേക്ക് ചേക്കേറുന്നത്. ഇവ തുടരുമെന്നൊരു ഉറപ്പെങ്കിലും വാങ്ങേണ്ടതായിരുന്നെന്നും ഉമ്മൻചാണ്ടി പറഞ്ഞു.