cpm

തിരുവനന്തപുരം: എൽ.ഡി.എഫുമായി ചേർന്ന് പ്രവർത്തിക്കുമെന്ന കേരള കോൺഗ്രസ് എമ്മിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സി.​പി.എം സംസ്ഥാന സെക്ര​ട്ടേ​റിയറ്റ്‌ പ്രസ്താവനയിൽ പറഞ്ഞു. ഇത് യു.ഡി.എഫിന്റെ തകർച്ചയ്‌ക്ക് ആക്കം കൂട്ടും. തീരുമാനം കേരള രാഷ്ട്രീയത്തിൽ ഗുണപരമായ ധ്രുവീകരണത്തെ ശക്തിപ്പെടുത്തും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം യു.ഡി.എഫിൽ നിന്ന് പുറത്തു വന്ന എൽ.ജെ.ഡി, എൽ.ഡി.എഫിന്റെ ഭാഗമായി.
ഉപാധികളൊന്നുമില്ലാതെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി ഇടതു മുന്നണിയുമായി സഹകരിക്കുകയെന്ന ജോസ് കെ. മാണിയുടെ പ്രഖ്യാപനം അഭിനന്ദനാർഹമാണ്. മതനിരപേക്ഷത, കർഷക പ്രശ്നങ്ങൾ, വികസനം എന്നീ കാര്യങ്ങളിൽ എൽ.ഡി.എഫിന്റെയും സർക്കാരിന്റെയും നയങ്ങളെ പിന്തുണച്ചുവെന്നതും ശ്രദ്ധേയം. നാടിന്റെ പൊതുവികാരം തന്നെയാണ് അതിൽ പ്രതിഫലിക്കുന്നത്. രാഷ്ട്രീയ നിലപാട് ജോസ് പ്രഖ്യാപിച്ച സാഹചര്യത്തിൽ എൽ.ഡി.എഫ് ചർച്ച ചെയ്ത് ക്രിയാത്മക നിലപാട് സ്വീകരിക്കും.