
ബാലരാമപുരം:ബാലരാമപുരം പഞ്ചായത്തിലെ കോട്ടുകാൽക്കോണം ഊറ്റുവിള വാറുവിള റോഡ് നാട്ടുകാരുടേയും ജനപ്രതിനിധികളുടെയും ഇടപെടലിനെ തുടർന്ന് ഗതാഗതയോഗ്യമായി.ചാനൽബണ്ടിനോട് ചേർന്ന് പുതിയ റോഡ് നിർമ്മിച്ചതോടെ പ്രദേശത്തെ അമ്പതോളം കുടുംബങ്ങളുടെ യാത്രാദുരിതത്തിനാണ് അറുതിയായത്. ചാനൽ ബണ്ടിനോട് ചേർന്ന് ഇടുങ്ങിയ ഇടനാഴിയിലൂടെ ഇരുചക്രവാഹനമല്ലാതെ മറ്റ് വാഹനങ്ങളൊന്നും തന്നെ കടന്നുപോകാൻ കഴിയാത്ത അവസ്ഥയായിരുന്നു.നാട്ടുകാർ വിട്ടുനൽകിയ സ്ഥലമുൾപ്പെടെ 150 മീറ്ററോളം ഭാഗമാണ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയത്.ഇതിനായി നേമം ബ്ലോക്ക് മെമ്പർ എസ്.ജയചന്ദ്രൻ,രാമപുരം വാർഡ് മെമ്പർ കുമാർ എന്നിവർ 5 ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു.ജനതാദൾ(എസ്) ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കോട്ടുകാൽക്കോണം മണി,പ്രവർത്തകൻ ആർ.ഷാജി എന്നിവർ റോഡ് നിർമ്മാണത്തിന് നേത്യത്വം നൽകി.