editor

അംഗീകാരത്തിന്റെയും അവാർഡിന്റെയും വില ഒട്ടും കെടുത്തിയില്ലെന്നതാണ് അൻപതാം സ്റ്റേറ്റ് ഫിലിം അവാർഡ് പ്രഖ്യാപനത്തിന്റെ ഏറ്റവും വലിയ സവിശേഷത. പ്രശസ്ത ഛായാഗ്രാഹകൻ മധു അമ്പാട്ട് അദ്ധ്യക്ഷനായ ജൂറിയുടെ മുമ്പിൽ വെല്ലുവിളികൾ ഏറെയുണ്ടായിരുന്നെങ്കിലും വിവാദങ്ങൾക്കു വഴിവയ്ക്കാതെ തങ്ങളുടെ ചുമതല ഭംഗിയായിത്തന്നെ പൂർത്തിയാക്കാൻ അവർക്കു സാധിച്ചു. അവാർഡ് നിർണയത്തിനു മുമ്പും ശേഷവും സാധാരണ പൊട്ടിപ്പുറപ്പെടാറുള്ള വാദകോലാഹലങ്ങളും ആരോപണ പ്രത്യാരോപണങ്ങളും ഇക്കുറി ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. ജഡ്ജിംഗ് കമ്മിറ്റിയുടെ തീരുമാനങ്ങൾ സ്വതന്ത്രവും നീതിപൂർവകവുമായിരുന്നുവെന്നതിന്റെ തെളിവാണിത്. മത്സരത്തിനെത്തിയ 119 ചിത്രങ്ങൾ കണ്ട് ഓരോ വിഭാഗത്തിലും മികച്ചവരെ കണ്ടെത്തുക എന്ന അതി ദുഷ്കരമായ ചുമതലയാണ് ജൂറിയെ കാത്തിരുന്നത്. രണ്ടു ഗ്രൂപ്പായി തിരിഞ്ഞ് പ്രാഥമിക പരിശോധന നടത്തേണ്ടിവന്നത് ചിത്രങ്ങളുടെ ബാഹുല്യം കാരണമാണ്. അന്തിമ വിധി നിർണയത്തിന് എത്തിയ ചിത്രങ്ങളിൽ നിന്ന് അർഹരായവരെത്തന്നെ കണ്ടെത്താൻ ജൂറിക്കു കഴിഞ്ഞതായി അവാർഡിനർഹരായവരുടെ നീണ്ട പട്ടിക പരിശോധിച്ചാൽ ബോദ്ധ്യമാകും.

സിനിമ വളരുന്നതിനൊപ്പം പ്രേക്ഷകരുടെ അഭിരുചിയിലും സിനിമാ സങ്കല്പത്തിലും ഒട്ടുവളരെ മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. പുതിയ പ്രമേയങ്ങളും സങ്കേതങ്ങളും അഭിനയ ശൈലിയും സാങ്കേതിക രീതികളുമൊക്കെ പുതിയ സിനിമകളുടെ പ്രത്യേകതകളാണ്. പരമ്പരാഗത സങ്കല്പങ്ങളെ പാടേ മാറ്റിമറിക്കുന്നവയാണ് അടുത്ത കാലത്തുണ്ടാകുന്ന പല ചിത്രങ്ങളും. അവാർഡിനെത്തിയ 119 ചിത്രങ്ങളിൽ എഴുപതെണ്ണം നവാഗതരായ പ്രതിഭാശാലികളുടെ സംഭാവനകളാണെന്നു പറയുമ്പോൾത്തന്നെ മലയാള സിനിമയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ആശാവഹമായ മാറ്റങ്ങൾ കണ്ടറിയാം. പുരസ്കാരങ്ങളിൽ മുക്കാൽ പങ്കും നേടിയതും ഇവരൊക്കെയാണ്. സിനിമയെ ഗൗരവത്തോടെ സമീപിക്കുന്നവർക്കെല്ലാം അനല്പമായ ആഹ്ലാദം പകർന്നു തരുന്നതാണ് ഈ മാറ്റങ്ങൾ.

പുരസ്കാരങ്ങൾ നിർണയിക്കാൻ സർക്കാർ നിയോഗിച്ച ജൂറിയെ മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജിയുമായി പോയ റഹ്‌മാൻ സഹോദരന്മാരുടെ 'വാസന്തി" എന്ന ചിത്രമാണ് കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടതെന്നത് ഏറെ ശ്രദ്ധേയമായി. ഇനിയും തിയേറ്ററുകളിൽ എത്താത്ത ഈ ചിത്രത്തിന് വേറെയും പുരസ്കാരങ്ങൾ നേടാനായി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരത്തിനു പുറമെ സ്വാസികയ്ക്ക് സ്വഭാവ നടിക്കുള്ള ബഹുമതിയും ഈ ചിത്രം കരസ്ഥമാക്കി. ജൂറിയെ ഒന്നടങ്കം വിസ്മയിപ്പിച്ച ചിത്രമെന്ന നിലയിലാണ് 'വാസന്തി" പരമോന്നത ബഹുമതിക്കർഹമായത്. കൊവിഡ് മഹാമാരി കാരണം തിയേറ്ററുകൾ അടഞ്ഞുകിടക്കുന്നത് റിലീസിംഗിനെ ബാധിച്ചതിനാൽ പുതു ചിത്രങ്ങളിൽ പലതും കാണാനുള്ള അവസരം പ്രേക്ഷകർക്ക് ലഭിച്ചിട്ടില്ല. കഴിഞ്ഞ പത്തുവർഷത്തിനിടെ മലയാള ചലച്ചിത്രലോകം കണ്ട പ്രതിഭാശാലിയായ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരി 'ജല്ലിക്കെട്ടി"ലൂടെ ആ സ്ഥാനം നിലനിറുത്തിയതിൽ ഒരു അത്ഭുതവുമില്ല. രണ്ടുവർഷം മുൻപ് ഈ. മ. യൗ എന്ന ചിത്രത്തിനും ജോസ് പെല്ലിശ്ശേരിക്ക് മികച്ച സംവിധായകനുള്ള സ്റ്റേറ്റ് അവാർഡ് ലഭിച്ചിരുന്നു. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും ഈ യുവ സംവിധായക പ്രതിഭ മലയാളത്തിന് അമൂല്യമായ ആദരവും അംഗീകാരവും നേടിത്തന്നതാണ്.

അഭിനയമേഖലയിൽ ഇക്കുറിയും പരമ്പരാഗത സങ്കല്പം തിരുത്തിക്കുറിച്ചുകൊണ്ടുള്ള അവാർഡ് പ്രഖ്യാപനമാണ് ഉണ്ടായിരിക്കുന്നത്. ഹാസ്യവേഷങ്ങളിൽ നിന്നുള്ള ആരോഗ്യകരമായ മുക്തി സുരാജ് വെഞ്ഞാറമൂട് എന്ന നടനിലെ അഭിനയസിദ്ധി പുറത്തുകൊണ്ടുവന്ന ഒന്നിലേറെ ചിത്രങ്ങൾ കഴിഞ്ഞ വർഷം ഉണ്ടായി. അവയിൽ 'ആൻഡ്രോയിഡ് കുഞ്ഞപ്പനി"ലെ വൃദ്ധ പിതാവായ ഭാസ്കര പൊതുവാളിനെയും 'വികൃതി" എന്ന നവസിനിമയിലെ ബധിരനും മൂകനുമായ എൽദോയെയും പ്രേക്ഷകർക്കു മറക്കാനാവില്ല. നിത്യജീവിതത്തിൽ കണ്ടുമുട്ടാറുള്ള സാധാരണ മനുഷ്യരെ അതീവ കൈയടക്കത്തോടും സ്വാഭാവികമായും അവതരിപ്പിക്കാൻ അതീവ മിടുക്കുള്ള നടന്മാർ ധാരാളമുണ്ട്. ഹാസ്യവേഷക്കാരനായി സുരാജിനെ ഏറെക്കാലം തളച്ചിട്ടിരിക്കുകയായിരുന്നു. അതിൽ നിന്നുള്ള മാറ്റം ഏതു നിലയിൽ നോക്കിയാലും അഭിനയശേഷിയുള്ള നടനെയാണ് മലയാള സിനിമയ്ക്ക് സംഭാവന ചെയ്തത്.

അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പുരസ്കാരങ്ങൾ നേടിയ മികച്ച അഭിനേത്രി കനി കുസൃതിയ്ക്കാണ് മികച്ച നടിക്കുള്ള സ്റ്റേറ്റ് അവാർഡ്. പല ഭാഷകളിലും ഒട്ടേറെ ഹ്രസ്വചിത്രങ്ങളിലും അഭിനയത്തികവു പ്രകടിപ്പിച്ചിട്ടുള്ള കനിക്ക് ഏറെ വ്യത്യസ്തവും കലാമൂല്യവുമുള്ള 'ബിരിയാണി" എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. മലയാളത്തിലെ തന്റെ ഈ പുരസ്കാരം ആദ്യ നായികയായ പി.കെ. റോസിക്കാണ് കനി സമർപ്പിച്ചിരിക്കുന്നത്. കൂട്ടത്തിൽ പലരും പറയാൻ മടിക്കുന്ന ഒരു യാഥാർത്ഥ്യവും ഈ അനുഗൃഹീത നടി മുന്നോട്ടുവച്ചത് ശ്രദ്ധിക്കാതിരിക്കാനാവില്ല. മലയാള സിനിമയിൽ നിലനിൽക്കുന്ന ഉച്ചനീചത്വവുമായി ബന്ധപ്പെട്ട പൊള്ളുന്ന പരമാർത്ഥമാണത്. സവർണ കഥാ പാത്രമായി വേഷമിട്ടതിന്റെ പേരിലാണ് പി.കെ. റോസിക്ക് പീഡനം അനുഭവിക്കേണ്ടിവന്നത്. അധഃസ്ഥിത വിഭാഗങ്ങളിൽപ്പെടുന്നവർക്ക് സിനിമയിൽ ഒളിഞ്ഞും തെളിഞ്ഞും അയിത്തം നേരിടേണ്ടിവരുന്നുവെന്നത് മറച്ചുവച്ചിട്ട് കാര്യമില്ല. ഫഹദ് ഫാസിൽ മികച്ച സ്വഭാവ നടനുള്ള ബഹുമതി നേടിയപ്പോൾ ഗാനശാഖയിൽ നജീം അർഷാദും മധുശ്രീ നാരായണുമാണ് അവാർഡ് ജേതാക്കൾ. പുതുമുഖക്കാരായ വേറെയും പ്രതിഭകൾ വിവിധ മേഖലകളിൽ ഒന്നാം നിരയിലെത്തിയിട്ടുണ്ട്. എല്ലാ അവാർഡ് ജേതാക്കളെയും ഹാർദ്ദമായി അഭിനന്ദിക്കുന്നു. കൂടുതൽ ഉയരങ്ങളിലെത്താൻ ഈ പുരസ്കാരങ്ങൾ പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു.

സാംസ്കാരിക വകുപ്പുമന്ത്രി എ.കെ. ബാലൻ ഒരുമണിക്കൂറോളമെടുത്തു നടത്തിയ അവാർഡ് പ്രഖ്യാപനത്തിൽ കല്ലുകടിയായി തോന്നിയ ഒരു കാര്യത്തെക്കുറിച്ചു കൂടി പറയേണ്ടിയിരിക്കുന്നു. അവാർഡിനൊപ്പം നൽകുന്ന സംഖ്യയെക്കുറിച്ചാണത്. കേട്ടാൽ ആർക്കും നാണം തോന്നുന്നതാണ് ചലച്ചിത്ര പ്രതിഭകൾക്ക് സർക്കാർ നൽകുന്ന ഈ അവാർഡ് തുക. മുൻപും പലകുറി എഴുതിയിട്ടുള്ളതാണ് അപമാനകരമായ ഈ പിശുക്കിനെക്കുറിച്ച്. കാലാനുസൃതമായ പരിഷ്കാരം വരുത്താൻ തയ്യാറാകാത്തത് ദുരൂഹമാണ്. പ്രശംസാപത്രത്തിനും ഫലകത്തിനുമൊപ്പം നാലുപേർ കേട്ടാൽ നിരക്കുന്ന ഒരു തുക കൂടി അവാർഡ് ജേതാക്കൾക്കു നൽകേണ്ടതാണ്. ഒരുലക്ഷം കോടിരൂപയിലേറെ വാർഷിക ബഡ്ജറ്റുള്ള സർക്കാരിന് ഇതിനായി ഒന്നോ രണ്ടോ കോടി രൂപ നീക്കിവയ്ക്കാൻ ഒരു പ്രയാസവും തോന്നേണ്ടതില്ല. ചലച്ചിത്രമേഖലയിൽ നിന്നു ലഭിക്കുന്ന വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ തുക എത്രയോ തുച്ഛമാണ്. ഇരുപത്തയ്യായിരവും അൻപതിനായിരവുമൊക്കെ ഇന്നത്തെ കാലത്ത് വലിയ അവാർഡ് തുകയേ അല്ലെന്ന് സർക്കാർ മനസിലാക്കണം.