ramachandran-

തിരുവനന്തപുരം: ഇടതുമുന്നണിയിൽ ചേരാനുള്ള ജോസ് കെ. മാണിയുടെ തീരുമാനം നിർഭാഗ്യകരവും അപക്വവുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. യു.ഡി.എഫിന്റെ വാതിലുകൾ ഒരിക്കലും ജോസിന് മുന്നിൽ അടച്ചിട്ടില്ല. നിലപാടുകളുടെ പേരിൽ താത്കാലികമായി മാറ്റിനിറുത്തുകയായിരുന്നു. താൻ അന്നുതന്നെ ഇക്കാര്യം പരസ്യമായി പറഞ്ഞതാണ്. ഇതിനോട് ജോസ് പ്രതികരിക്കാൻ തയ്യാറായില്ല. ഇടതുമുന്നണിയിൽ ചേരാൻ ജോസ് നേരത്തെ തീരുമാനിച്ചിരുന്നു. പ്രഖ്യാപനം വൈകിയെന്നു മാത്രം. ഈ തീരുമാനം മാണിയുടെ ആത്മാവിനെ ഏറെ വേദനിപ്പിക്കുന്നതാണ്. മാണിയെ വേട്ടപ്പട്ടികളെപ്പോലെ വേട്ടയാടിയവരാണ് സി.പി.എമ്മും എൽ.ഡി.എഫും. നിയമസഭയിലെ കൈയാങ്കളിക്കേസ് പിൻവലിക്കാൻ കേരള സർക്കാർ തീരുമാനം എടുത്തപ്പോഴും അത് തെറ്റാണെന്ന് പറയാൻ ജോസ് തയ്യാറായില്ല. മുങ്ങുന്ന ടൈറ്റാനിക്ക് കപ്പലായ എൽ.ഡി.എഫിലേക്ക് പോകാനുള്ള ജോസിന്റെ തീരുമാനം തെറ്റായിപ്പോയെന്ന് കാലം തെളിയിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.