കിളിമാനൂർ: നാളികേര കർഷകരുടെ എണ്ണം കുറയുമ്പോഴും നാട്ടിൽ തേങ്ങ കച്ചവടക്കാരുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുന്നു. തമിഴ്നാട്ടിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും നാളികേരം എത്തിച്ചാണ് കച്ചവടം. കൊവിഡ് പ്രതിസന്ധിയിൽ വിദേശത്തെ ജോലിയടക്കം നഷ്ടപ്പെട്ട് നാട്ടിലെത്തിയ നിരവധി പേർ ഉപജീവനത്തിനായി തേങ്ങ കച്ചവടത്തിലേക്ക് ചുവട് മാറ്റുകയാണ്. എങ്കിലും മികച്ചയിനം നാളികേരത്തിന്റെ ലഭ്യതക്കുറവ് കച്ചവടക്കാർക്ക് വെല്ലുവിളിയാണ്.
ഓരോ വർഷം പിന്നിടുമ്പോഴും സംസ്ഥാനത്തെ കേര കർഷകരുടെ എണ്ണം കുറഞ്ഞു വരികയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പുതിയ വീടുകൾ പടുത്തുയർത്താനായി പറമ്പുകളിലെ തെങ്ങുകൾ മുറിച്ചു മാറ്റാൻ ആരും മടിക്കാറില്ല. വെട്ടി മാറ്റപ്പെട്ട തെങ്ങുകൾക്ക് പകരം തൈകൾ നടുന്ന പതിവും ഇപ്പോഴില്ല. പഴയകാലത്തു ഉണ്ടായതിന്റെ കാൽ ശതമാനം നാളികേര ഉത്പാദനം ഇപ്പോൾ നാട്ടിൽ നടക്കുന്നില്ലെന്ന് കേര കർഷകർ പറയുന്നു.
