photo
നെടുമങ്ങാട് നഗരസഭ കാരോട് ചിറ നവീകരിച്ച് സജ്ജീകരിച്ച കുട്ടികളുടെ കൊട്ടാരം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു.

നെടുമങ്ങാട് :നഗരസഭയുടെ സ്വപ്ന പദ്ധതിയായ കുട്ടികളുടെ കൊട്ടാരം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാടിനു സമർപ്പിച്ചു. സി.ദിവാകരൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മിനി സ്‌റ്റേജിന്റെ ഉദ്ഘാടനം ഗായകൻ കല്ലറ ഗോപൻ നിർവഹിച്ചു. ചെറ്റച്ചൽ സഹദേവൻ സ്വാഗതം പറഞ്ഞു. നഗരസഭാ വൈസ് ചെയർപേഴ്സൺ ലേഖാ വിക്രമൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.ഹരികേശൻ,ടി.ആർ.സുരേഷ്,ആർ.മധു, റഹിയാനത്ത് ബീവി, കെ.ഗീതാകുമാരി,കൗൺസിലർമാരായ ജെ.കൃഷ്ണകുമാർ, ടി.അർജുനൻ തുടങ്ങിയവർ പങ്കെടുത്തു. കുരുന്നുകളുടെ സർഗശേഷി വികസിപ്പിക്കുന്നതിനും വഴിയാത്രക്കാർക്ക് വിശ്രമിക്കാനുമായി ജലസമൃദ്ധമായ കാരോട് ചിറ കേന്ദ്രീകരിച്ചാണ് കൊട്ടാരം യാഥാർത്ഥ്യമാക്കിയത്. കുളം നികത്തി കെട്ടിട സമുച്ചയം നിർമ്മിക്കാനുള്ള നീക്കം തടഞ്ഞ് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ നടത്തിയ ശക്തമായ ഇടപെടലിന്റെ ഫലമായി കുളം സംരക്ഷിച്ച് 37 സെന്റ് സ്ഥലത്താണ് പ്രകൃതിക്കിണങ്ങും വിധത്തിൽ കൊട്ടാരം പണി പൂർത്തീകരിച്ചത്.1.25 കോടി രൂപ ചെലവിട്ടു. ദീർഘദൂര യാത്രക്കാർക്ക് വിശ്രമിക്കുന്നതിനായി 'ടേക്ക് എ ബ്രേക്ക് ' എന്ന പേരിൽ വിശ്രമമുറിയും സജ്ജമാക്കി.