1

കാഞ്ഞിരംകുളം: പ്ലാസ്റ്റിക്ക് മാലിന്യങ്ങളോട് വിട പറയാൻ തയ്യാറെടുക്കുകയാണ് കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത്.

പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിക്കുകയും അവ പ്രോസസിംഗിന് ശേഷം കൈമാറുകയും ചെയ്യുന്ന പദ്ധതിയുടെ പ്രവർത്തനം പഞ്ചായത്തിൽ ആരംഭിച്ചു. ഹരിത കർമ്മസേനയാണ് ഈ പദ്ധതിയുടെ ശക്തി. ഒരു വാർഡിൽ 2 അൾ വീതം 14 വാർഡുകളിലായി 24 സേനാംഗങ്ങളാണ് മാലിന്യശേഖരണം നടത്തുന്നത്. ഇവരുടെ പ്രവർത്തനം വിലയിരുത്താനും നിയന്ത്രിക്കാനും മൂന്ന് ലീഡർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹരിത കർമ്മ സേനയും, വാർഡ്തല സാനിട്ടേഷൻ കമ്മിറ്റിയും, പഞ്ചായത്ത് ഭരണസമിതിയും കൈകോർത്തതിന്റെ വിജയമായി മാറുകയാണ് ഈ പദ്ധതി.

വീടുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം വാർഡ് തലത്തിൽ കേന്ദ്രീകരിക്കുന്നു. അവിടെ നിന്നും പ്രാേസസിംഗ് സെന്ററിൽ എത്തിച്ച് വേർതിരിക്കും. വേർതിരിച്ച പ്ലാസ്റ്റിക്ക്, മെഷ്യന്റെ സഹായത്തോടുകൂടി പൊടിക്കും.1000 കിലോയെത്തുമ്പോൾ ക്ലീൻ കേരള മിഷന് കൈമാറും.

സാധാ പ്ലാസ്റ്റിക്കിന് 5 രൂപയും പൊടിച്ചവയ്ക്ക് 17 രൂപയുമാണ് വില ലഭിക്കുക. ഈ തുകയും വീടുകളിൽ നിന്നും ലഭിക്കുന്ന കളക്ഷൻ ചാർജ്ജും ഹരിത കർമ്മ സേനാംഗങ്ങൾ വീതിച്ചെടുക്കുമെന്ന് സെക്രട്ടറി ഹരിൻ ബോസ് പറഞ്ഞു. വനിതകൾക്ക് വരുമാനവും നാടിന് വൃത്തിയും ലഭിക്കുന്നതാണ് ഈ പദ്ധതിയെന്ന് പ്രസിഡന്റ് സരസി കുട്ടപ്പൻ പറയുന്നത്.