
മലയാള സിനിമയിൽ റെയിൽവേ സ്റ്റേഷൻ പ്രധാന ലൊക്കേഷനായി നിരവധി ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്. ചില ചിത്രങ്ങളുടെ ക്ളൈമാക്സ് രംഗമോ നായികാ നായകന്മാർ കണ്ടുമുട്ടുന്ന സ്ഥലമായോ ഒക്കെ റെയിൽവേ സ്റ്റേഷൻ മാറി. അത്തരത്തിൽ മുപ്പതോളം സിനിമകൾ ചിത്രീകരിച്ച ഒരു റെയിൽവേ സ്റ്റേഷൻ കേരളത്തിലുണ്ട്.
ശിവാജി ഗണേഷനും മോഹൻലാലും ഒന്നിച്ചഭിനയിച്ച മലയാള ചിത്രമായ 'ഒരു യാത്രാമൊഴി'യുടെ ക്ലൈമാക്സ് രംഗം ആർക്കും മറക്കാൻ കഴിയില്ല. സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന തീവണ്ടിയുടെ സ്റ്റെപ്പിൽ നിന്ന് ശിവാജി ഗണേഷൻ, മോഹൻലാലിനോട് "ചിന്നാ… നാൻ താ നിന്നുടെ അപ്പാ'' എന്ന് പറഞ്ഞ് കരയുന്ന ആ രംഗം. സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും ഒരു റെയിൽവേ ട്രാക്കിലാണ്. 'മേഘം' സിനിമയുടെ ക്ലൈമാക്സിൽ മമ്മൂട്ടിയുടെ കഥാപാത്രം എല്ലാവരോടും യാത്ര പറഞ്ഞ് ട്രെയിനിൽ കയറി പോകുന്ന രംഗത്തിലടക്കം ചിത്രത്തിലെ നിരവധി സീനുകളിൽ ഒരു റെയിൽവേ സ്റ്റേഷൻ കാണിക്കുന്നുണ്ട്. ദിലീപ് നായകനായ 'വെട്ടം' എന്ന ചിത്രത്തിൽ യാത്രാമദ്ധ്യേ ദിലീപും നായികാ കഥാപാത്രവും അവിചാരിതമായി പെട്ടുപോകുന്ന അതേ റെയിൽവ സ്റ്റേഷൻ.

മണിരത്നത്തിന്റെയും പ്രിയദർശന്റെയുമെല്ലാം സിനിമകളുടെ ലൊക്കേഷനായ ഈ ഗ്രാമീണ റെയിൽവേ സ്റ്റേഷൻ പാലക്കാട് ജില്ലയിലെ കേരളത്തിന്റെ അതിർത്തി ഗ്രാമമായ മുതലമടയിലാണ്. പാലക്കാട് പൊള്ളാച്ചി റൂട്ടിൽ കേരളത്തിലെ അവസാനത്തെ റെയിൽവേ സ്റ്റേഷൻ. കമൽ ഹാസന്റെ അൻപേശിവം, ദിലീപിന്റെ പാണ്ടിപ്പട, സത്യരാജിന്റെ അമൈതിപ്പട തുടങ്ങി മുപ്പതോളം സൂപ്പർഹിറ്റ് സിനിമകളുടെ പ്രധാന ലൊക്കേഷനായിട്ടുണ്ട് മുതലമട റെയിൽവേ സ്റ്റേഷൻ. ഏതാനും ഹിന്ദി, തെലുങ്ക് സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. കേരളത്തിലെ മറ്റൊരു റെയിൽവേ സ്റ്റേഷനുമില്ലാത്ത ഗ്രാമീണ സൗന്ദര്യമാണ് മുതലമട സ്റ്റേഷനെ സ്ഥിരമായി സിനിമകളുടെ ലൊക്കേഷനാക്കി മാറ്റുന്നത്.
പശ്ചിമഘട്ടത്തിന്റെ താഴ്വാരത്ത് നെല്ലിയാമ്പതി മലനിരകൾക്ക് കീഴിൽ ഉയർന്നു നിൽക്കുന്ന ആൽമരങ്ങൾ. അതിൽ നിന്നും താഴേക്കിറങ്ങി നിലത്ത് മുട്ടിനിൽക്കുന്ന വേരുകൾ. അവയ്ക്കിടയിൽ പടർന്നുപിടിച്ച തണലിൽ യാത്രികർക്കായുള്ള നീളൻ ബെഞ്ചുകൾ. കുരുവികളും അണ്ണാനും മയിലുകളും ദൃശ്യവിരുന്നൊരുക്കുന്ന പ്ലാറ്റ്‌ഫോം. പ്ലാറ്റ്‌ഫോമുകൾക്കിരുവശവും പാലക്കാൻ ഗ്രാമങ്ങളുടെ പ്രതീകമായ കരിമ്പനകൾ.

സ്റ്റേഷൻ ചരിത്രം
ബ്രീട്ടിഷ് ഭരണകാലത്ത് 1898ലാണ് മുതലമട റെയിൽവേ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുന്നത്. അന്ന് മധുര ഡിവിഷന്റെ കീഴിലായിരുന്നു ഈ സ്റ്റേഷൻ. വാൽപ്പാറ, പറമ്പിക്കുളം, നെല്ലിയാമ്പതി തുടങ്ങിയ മലനിരകൾ ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്ന കാലത്ത് തോട്ടം മേഖലയായ ഇവിടേക്ക് തൊഴിലാളികളെ എത്തിക്കാനും തേയില, കാപ്പി എന്നിവ ചെന്നൈയിലേക്ക് എത്തിച്ച് കച്ചവടം ചെയ്യാനും പ്രധാനമായി ആശ്രയിച്ചിരുന്നത് ഈ റെയിൽവേ സ്റ്റേഷനെയാണ്. മീറ്റർഗേജ് പാതയിൽ നെൽപ്പാടങ്ങൾക്കും കരിമ്പ്, വാഴത്തോട്ടങ്ങൾക്കും ഇടയിലൂടെ കൽക്കരി തീവണ്ടിയിലെ യാത്രയും സഞ്ചാരികൾക്ക് മതിവരാത്ത അനുഭൂതിയായി മാറി. 2015ൽ മുതലമട റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി ആൽമരങ്ങൾ മുറിച്ചുമാറ്റാൻ ശ്രമം നടപ്പോൾ വലിയ പ്രതിഷേധമാണ് നാട്ടുകാരിൽ നിന്നുണ്ടായത്. ആൽമരങ്ങൾ മുറിച്ചുമാറ്റിയില്ലെങ്കിലും മറ്റ് നവീകരണങ്ങൾ നടന്നതോടെ മലയാളിക്ക് വലിയ ഗൃഹാതുരത്വവും ഓർമകളും സമ്മാനിച്ച ഒരു ഗ്രാമീണ റെയിൽവേസ്റ്റേഷന്റെ സൗന്ദര്യവും കുറച്ച് നഷ്ടമായി. എങ്കിലും മറ്റ് റെയിൽവേ സ്റ്റേഷനുകളിൽ നിന്നും കാഴ്ചഭംഗിയുടെ തലയെടുപ്പോടെ മുതലമട സ്റ്റേഷൻ ഇന്നും വേറിട്ടു നിൽക്കുന്നു.