
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന 'തലൈവി' യുടെ ഷൂട്ടിംഗ് പുരോഗമിക്കെ, ചിത്രത്തിൽ ജയലളിതയുടെ കഥാപാത്രത്തെ അവതരിപ്പിക്കാനായി 20 കിലോ ശരീരഭാരം കൂട്ടി കങ്കണ റണാവത്ത്. ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ പഴയ ലുക്കിലേക്ക് തിരികെ പോവാനുള്ള തയ്യാറെടുപ്പുകളെ കുറിച്ച് പറയുകയാണ് കങ്കണ. നേരത്തെ ഉണർന്ന് വ്യായാമം ശീലമാക്കേണ്ടതുണ്ടെന്നാണ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ താരം കുറിച്ചത്. തലൈവിയ്ക്കായി മേക്ക് ഓവർ നടത്തുന്നതിനു മുൻപുള്ള തന്റെ ഒരു ചിത്രവും കങ്കണ പങ്കുവച്ചിട്ടുണ്ട്. ലൊക്കേഷനിൽ നിന്നുള്ള ഏതാനും ചിത്രങ്ങളും അടുത്തിടെ സമൂഹമാദ്ധ്യമങ്ങളുടെ ശ്രദ്ധ കവർന്നിരുന്നു.
ഏഴുമാസങ്ങൾക്കു ശേഷം ഷൂട്ടിംഗ് തുടങ്ങുന്ന സന്തോഷം പങ്കുവച്ചുകൊണ്ടുള്ള കങ്കണ റണാവത്തിന്റെ ട്വീറ്റും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു ചിത്രീകരണത്തിനായി സൗത്ത് ഇന്ത്യയിലേക്ക് വരികയാണ് താനെന്നും കൊവിഡ് മഹാമാരിയുടെ കാലത്ത് 'തലൈവി' വിജയകരമായി പൂർത്തിയാക്കാൻ എല്ലാവരുടെയും അനുഗ്രഹാശിസ്സുകൾ വേണമെന്നുമാണ് ട്വിറ്റർ സന്ദേശത്തിൽ കങ്കണ പറഞ്ഞത്. തമിഴിലും ഹിന്ദിയിലുമായി ഒരുങ്ങുന്ന ജയലളിതയുടെ ജീവചരിത്രസിനിമയിൽ അഭിനയിക്കുന്നതിന് 24 കോടി രൂപയാണ് കങ്കണ പ്രതിഫലം വാങ്ങുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 'തലൈവി' എന്ന പേരിൽ തമിഴിലും 'ജയ' എന്ന പേരിൽ ഹിന്ദിയിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകൻ എ.എൽ വിജയ് ആണ്. 'തലൈവി' എന്ന ഈ ചിത്രം നൂറുശതമാനവും ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്നതാണെന്നും അതിനായി ജയലളിതയുടെ അനന്തരവൻ ദീപകിൽ നിന്നും എൻ.ഒ.സി സർട്ടിഫിക്കറ്റ് കൈപ്പറ്റിയിട്ടുണ്ടെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. 'ബാഹുബലി', 'മണികർണിക', 'ഭജരംഗി ഭായിജാൻ' എന്നിവയ്ക്ക് തിരക്കഥയൊരുക്കിയ കെ.വി വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വൈബ്രി, കർമ്മ മീഡിയ എന്നിവയുടെ ബാനറിൽ വിഷ്ണു വർധൻ ഇന്ദൂരി, ശൈലേഷ് ആർ സിംഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ജി.വി പ്രകാശ് സംഗീതവും നിർവ്വഹിക്കും.