fish

തിരുവനന്തപുരം: ഉൾനാടൻ മത്സ്യസമ്പത്ത് വളർത്തുന്നതിനും, ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ മത്സ്യത്തൊഴിലാളികളുടെ ജീവിതോപാധി സുസ്ഥിരമാക്കുന്നതിനും കേരള ഉൾനാടൻ ഫിഷറീസും അക്വാകൾച്ചറും നിയമം ഭേദഗതി ചെയ്യും..ഇതിനുള്ള ഓർഡിനൻസിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

നാശോന്മുഖമാകുന്ന മത്സ്യങ്ങളെ പ്രജനനകാലത്ത് പിടിച്ചെടുക്കുന്നതിന് നിയന്ത്രണം കൊണ്ടുവരും.. പിടിച്ചെടുക്കുന്ന മത്സ്യത്തിന്റെ കുറഞ്ഞ വലിപ്പം നിശ്ചയിക്കും. അക്വാകൾച്ചർ പ്രവർത്തനങ്ങൾ ശാസ്ത്രീയമായി ക്രമീകരിക്കും. ബയോഫ്‌ളോക്ക്, കൂടുകളിലെ മത്സ്യകൃഷി, അക്വാപോണിക്സ്, പുനചംക്രമണ കൃഷി, മുതലായ നൂതന രീതികൾ തുടരും. അത്യുല്പാദനശേഷിയുള്ള നൈൽതിലാപ്പിയ, വനാമി ചെമ്മീൻ, പങ്കേഷ്യൻ എന്നീ വിദേശ മത്സ്യയിനങ്ങൾ വളർത്തുന്നതും ശാസ്ത്രീയമായി ക്രമീകരിക്കും .മത്സ്യത്തൊഴിലാളി പ്രതിനിധികളെയും ഉൾപ്പെടുത്തി പ്രാദേശിക ഫിഷറീസ് മാനേജമെന്റ് കൗൺസിലുകളും അക്വാകൾച്ചർ ഡവലപ്‌മെന്റ് ഏജൻസികളും രൂപീകരിക്കും.മത്സ്യത്തിന്റെ പ്രജനനത്തിനും ജലാശയത്തിന്റെ ഒഴുക്കിനും തടസ്സം സൃഷ്ടിക്കുന്ന ഒരു നിർമ്മാണവും വിജ്ഞാപനം ചെയ്യപ്പെട്ട നദികളിലോ കായലുകളിലോ തടാകങ്ങളിലോ അനുവദിക്കില്ല. സർക്കാർ അനുവദിക്കാത്ത വിദേശ മത്സ്യത്തിന്റെ പരിപാലനവും വിപണനവും പാടില്ല.

 വിപണനത്തിന് നിയന്ത്രണം

അലങ്കാര മത്സ്യങ്ങളുടെ വിപണനത്തിനും പ്രദർശനത്തിനും നിയന്ത്രണം കൊണ്ടുവരും. ലൈസൻസില്ലാത്തവർ വ്യാവസായികാടിസ്ഥാനത്തിൽ അലങ്കാര മത്സ്യങ്ങളുടെ വിപണനത്തിൽ ഏർപ്പെടാനോ, ടിക്കറ്റ് വച്ച് മുപ്പത് ദിവസത്തിൽ കൂടുതൽ പ്രദർശിപ്പിക്കാനോ പാടില്ല. ഒരു അലങ്കാര മത്സ്യോല്പാദന യൂണിറ്റിൽ നിന്നും അലങ്കാര മത്സ്യങ്ങൾ വില്പന നടത്തുന്നതിനോ, വീടുകളിൽ അക്വേറിയത്തിൽ അലങ്കാര മത്സ്യങ്ങളെ പ്രദർശിപ്പിക്കുന്നതിനോ തടസ്സമില്ല. വിദേശ മത്സ്യ ഇനങ്ങളിൽ ചിലത് ഇറക്കുമതി ചെയ്യുന്നതിന് അനുമതിയില്ല. അത്തരം മത്സ്യങ്ങളുടെ പ്രദർശനമോ വിപണനമോ അനുവദിക്കില്ല. മറ്റ് സംസ്ഥാനങ്ങളിലോ, വിദേശ രാജ്യങ്ങളിളിലോ നിന്നുള്ള അലങ്കാര മത്സ്യങ്ങൾക്ക് നിശ്ചിത ഗുണനിലവാരം ഉണ്ടായിരിക്കണം.