
തിരുവനന്തപുരം: ഇടതുമുന്നണിയോടൊപ്പം പ്രവർത്തിക്കാനുള്ള കേരള കോൺഗ്രസ്-എം തീരുമാനം കേരള രാഷ്ട്രീയത്തിൽ ശക്തമായ പ്രതിഫലനമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശിഥിലമായ യു.ഡി.എഫിന്റെ തകർച്ചയുടെ ആരംഭമാണ് ഈ രാഷ്ട്രീയ സംഭവവികാസം. കേരള കോൺഗ്രസ്-എം പ്രഖ്യാപിച്ച രാഷ്ട്രീയ നിലപാട് വളരെ വ്യക്തമാണ്. വർഗീയതയെ ചെറുക്കാനും മതനിരപേക്ഷത സംരക്ഷിക്കാനും എൽ.ഡി.എഫിന് കഴിഞ്ഞുവെന്ന് ജോസ് കെ. മാണി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ നയങ്ങളുടെ ഫലമായി കേരളത്തിലടക്കം കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. ഈ കർഷകരോട് അനുഭാവമുള്ള നിലപാടാണ് എൽ.ഡി.എഫും സർക്കാരും എടുക്കുന്നത്. ഇതെല്ലാം വിലയിരുത്തിയാണ് എൽ.ഡി.എഫാണ് ശരി എന്ന് കേരള കോൺഗ്രസ്-എം പ്രഖ്യാപിച്ചത്. ഇതു സ്വാഗതാർഹമാണ്. മതനിരപേക്ഷ ചേരിയെ ഈ തീരുമാനം ശക്തിപ്പെടുത്തും. ഇടതുപക്ഷത്തിനും സർക്കാരിനുമെതിരെ വിശാല കൂട്ടൂകെട്ടുണ്ടാക്കാനും അട്ടിമറിശ്രമം നടത്താനും ഇറങ്ങിയവർക്കുള്ള തിരിച്ചടിയാണ് ഈ തീരുമാനം. യു.ഡി.എഫിന്റെ തെറ്റായ സമീപനങ്ങളെയാണ് ആ മുന്നണിയിൽ നാല് പതിറ്റാണ്ടോളം ഉണ്ടായിരുന്ന കക്ഷി പരസ്യമായി തള്ളിപ്പറഞ്ഞത്. ക്രിയാത്മകമായ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച കേരള കോൺഗ്രസിന്റെ വികാരം യു.ഡി.എഫിലെ സാധാരണ പ്രവർത്തകർക്കുമുണ്ട്. വരും നാളുകളിൽ അതും യു.ഡി.എഫിനെതിരെ തിരിയും. നിഷേധാത്മക രാഷ്ട്രീയത്തിന് ജനങ്ങളുടെ പിന്തുണയുണ്ടാകില്ലെന്ന് യു.ഡി.എഫ് നേതൃത്വം തിരിച്ചറിയാത്തതിന്റെ ഫലമാണ് ഈ സംഭവങ്ങൾ. കേരളാ കേൺഗ്രസിന്റെ തീരുമാനം വന്ന പശ്ചാത്തലത്തിൽ തുടർന്നുള്ള കാര്യങ്ങൾ എൽ.ഡി.എഫ് യോഗം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.