
തിരുവനന്തപുരം: മുഖ്യമന്ത്രിയിലേക്കും ചീഫ് സെക്രട്ടറിയിലേക്കും കൂടുതൽ അധികാരങ്ങൾ കേന്ദ്രീകരിക്കുന്നതിനും, മന്ത്രിമാരുടെ അധികാരങ്ങൾ കവരുന്നതിനുമുള്ള നിർദ്ദേശങ്ങളുൾപ്പെടെ അടങ്ങിയ റൂൾസ് ഒഫ് ബിസിനസ് ചട്ട ഭേദഗതിയുടെ കരടിന്മേൽ മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് വേഗത്തിലാക്കാൻ ഇന്നലെ മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഭേദഗതിയുമായി ബന്ധപ്പെട്ട് വാർത്ത പുറത്തുപോയതിൽ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു. തെറ്റായ വിവരങ്ങൾ പുറത്തുപോയതെങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു. തുടർന്നാണ് എത്രയും വേഗം റിപ്പോർട്ട് വയ്ക്കാൻ മന്ത്രിതല ഉപസമിതിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. ഘടകകക്ഷി മന്ത്രിമാരുടെ എതിർപ്പ് കാരണമാണ് കരട് ഭേദഗതിച്ചട്ടം വിവാദമായത്.
കരട് നിർദ്ദേശങ്ങളിൽ മന്ത്രിമാർക്ക് മാറ്റങ്ങൾ നിർദ്ദേശിക്കാനുള്ളതിനാൽ ഉപസമിതി വീണ്ടും യോഗം ചേർന്ന് വരുത്തേണ്ട മാറ്റങ്ങളടക്കം ചർച്ച ചെയ്യേണ്ടതുണ്ടെന്ന് ഉപസമിതി കൺവീനറായ മന്ത്രി എ.കെ. ബാലൻ യോഗത്തിൽ വിശദീകരിച്ചു. അതിന്റെ അടിസ്ഥാനത്തിലേ അന്തിമ റിപ്പോർട്ട് പറ്റൂ. അതിന് രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്നും മന്ത്രി അറിയിച്ചു. ഓൺലൈനായി ചേർന്ന മന്ത്രിസഭായോഗത്തിൽ, നേരത്തേ എതിർപ്പുന്നയിച്ച ഘടകകക്ഷി മന്ത്രിമാരായ ഇ. ചന്ദ്രശേഖരനോ കെ. കൃഷ്ണൻകുട്ടിയോ അഭിപ്രായമൊന്നും പറഞ്ഞില്ലെന്നാണ് വിവരം.
ചുവപ്പുനാടയുടെ കുരുക്കിൽ പെടുന്ന തരത്തിലുള്ള തീരുമാനങ്ങളുണ്ടാവുന്നത് മാറ്റിയെടുക്കാൻ ഫയലുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ തട്ടുകൾ കുറയ്ക്കുന്നതടക്കമുള്ള നിർദ്ദേശങ്ങളും ഇതിലുണ്ട്. ഇക്കാര്യം മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ടിൽ വന്നേക്കും. എന്നാൽ, മന്ത്രിമാരുടെ അധികാരം കവരുന്നതും മുഖ്യമന്ത്രിയിലേക്കും ചീഫ്സെക്രട്ടറിയിലേക്കും അധികാരം കേന്ദ്രീകരിക്കുന്നതുമായ നിർദ്ദേശങ്ങൾ എതിർപ്പുയർന്ന സാഹചര്യത്തിൽ റദ്ദാക്കുമെന്നും സൂചനയുണ്ട്.
ചീഫ്സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സെക്രട്ടറിതല സമിതിയാണ് വിവാദനിർദ്ദേശങ്ങളടങ്ങിയ കരട് തയ്യാറാക്കിയത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറും ഈ സമിതിയിലുണ്ടായിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തെ തുടർന്ന് ശിവശങ്കർ ഇപ്പോൾ സസ്പെൻഷനിലാണ്.