thakarnna-veed

വക്കം: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലും ശക്തമായ കാറ്റിലും വക്കത്തെ പല പ്രദേശങ്ങളിലും മരങ്ങൾ വീണു വീട് ഭാഗികമായി തകർന്നു. വ്യാപക കൃഷിനാശം. വൈദ്യുതി ബന്ധം നിലച്ചു. നിലയ്ക്കാമുക്ക് കെ.ആർ. നിവാസിൽ വിജയന്റെ വീടിന് മുകളിൽ സമീപത്തെ പുരയിടത്തിൽ നിന്ന വേങ്ങ മരം വീണു, വീടിന്റെ മുൻവശം തകർന്നു. വീടിന്റെ പോർച്ചിൽ കിടന്ന കാറിന്റെ മുകൾഭാഗവും ഗാർഹിക സാധനങ്ങൾക്കും നാശനഷ്ടം സംഭവിച്ചു. ശക്തമായ കാറ്റിൽ മരം വൻ ശബ്ദത്തോടെ വീടിന്റെ മുകൾഭാഗത്ത് വന്നു വീഴുകയായിരുന്നു. ഈ സമയം വീടിന്റെ മുൻവശത്തെ ഹാളിൽ പത്രം വായിച്ചുകൊണ്ടിരുന്ന വിജയൻ ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. ഇതിന് സമീപത്തെ അഭിമന്യു നിവാസിലെ അഭിലാഷിന്റെ വീടിന്റെ മുൻവശത്തെ ഷീറ്റ് തകരുകയും വീടിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

മല്ലൻകുന്ന് കോളനിക്ക് സമീപം തേക്ക് മരം വീണ് സമീപത്തെ വീടിനു ചെറിയ കേടുപാടുകൾ സംഭവിച്ചു. മരം സമീപത്തെ വൈദ്യുതി കമ്പിയിൽ തടഞ്ഞു വീടിന്റെ മുകളിൽ വീഴാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വക്കം വെളിവിളാകം ക്ഷേത്രം കമ്മിറ്റി ഓഫീസിലെ മേൽക്കൂരയുടെ ഷീറ്റ് കാറ്റത്തു ഇളകി മാറി. ക്ഷേത്ര പരിസരത്തെ വൻ ഞാവൽമരം അപകടാവസ്ഥയിലാണ്. പലയിടത്തും മരങ്ങൾ വീണ് വൈദ്യുതി വിതരണം ഭാഗികമായി നിലച്ചു. എങ്കിലും യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണികൾ ചെയ്തു പലയിടത്തും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചതായി അധികൃതർ പറഞ്ഞു.